Sunday, December 20, 2009

ട്രാക്ടറും പോളേട്ടനും പിന്നെ ഞാനും

പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭാഗം കിട്ടിയ കാട്ടുപറമ്പ് വിറ്റതും ഭൂപണയബാങ്കില്‍നിന്ന് ലോണെടുത്തതും കൂട്ടി എന്റെച്ചനൊരു ട്രാക്ടര്‍ വാങ്ങിക്കുകയുണ്ടായി. മഹേന്ദ്രയുടെ ചോപ്പനൊരു ടിപ്പര്‍ ട്രാക്ടര്‍. തന്റെ എണ്ണിചുട്ട ശബളത്തിനുപുറമെയൊരു ‘എക്സ്ട്രാ ഇന്‍‌കം‌’ മെന്ന മോഹത്താലുണ്ടായ തീരുമാനം. മണ്ണെടുക്കല്‍, പാടം നികത്തല്‍ തുടങ്ങിയ കലാപരിപാടികളുടെ സുവര്‍ണ്ണകാലഘട്ടമായതിനാല്‍ കാര്‍ന്നോരുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല.

വരന്തരപിള്ളി പേട്ടയിലെ സൂപ്പര്‍ ഡ്രൈവറും വടക്കും‌മുറിയില്‍ ഞങ്ങളുടെ അയല്‍ക്കാരനുമായിരുന്ന മഞ്ഞളി പോളേട്ടനായിരുന്നു ഈ മൊതലിന്റെ സാരഥി. ഡീസന്റിനു ഡീസന്റ്, കച്ചറക്ക് കച്ചറെയെന്ന പോളിസിക്കാരന്‍. കുടും‌ബപ്രാരാബ്ദങ്ങള്‍ മുഴുവന്‍ തലയിലേറ്റിയതിനാല്‍ മുപ്പത്തഞ്ചാം വയസ്സിലും അവിവാഹിതന്‍, സുമുഖന്‍, എല്ലാ ഞായറാഴ്ച്ചയും കുര്‍ബാന കൂടുന്ന അസ്സല്‍ മാപ്ല, അബ് പെരുന്നാളിന് ട്വിസ്റ്റ് അടിച്ച് പെണ്ണുങ്ങളെ ടച്ച് ചെയ്യുന്നവരെ എടുത്തിട്ടടിക്കുന്ന വീരന്‍, പത്തു പൈസ കക്കാതെ മൊതലാളിക്ക് ഓട്ടകാശെത്തിക്കുന്ന മര്യാദകാരന്‍, കള്ളുഷാപ്പിലെ ചെലവ് ഒറ്റക്കെടുക്കുന്ന അഭിമാനി. കാപ്പികാശ് കുറഞ്ഞാല്‍ കോണ്ട്രാക്ട്ടറെ വരച്ച വരയില്‍ നിര്‍ത്തി കാശുവാങ്ങുന്ന ധീരന്‍, നാട്ടിലെ സകലമാന പിള്ളാരുടെയും ഡ്രൈവിങ്ങ് ആശാന്‍.

പക്ഷെ ഈ പൊന്നുംകുടത്തിന്റെ നാക്കില്‍ വികടസരസ്വതി കേറി വിളയാടുമായിരുന്നു. ചിലപ്പോഴൊക്കെ.......ചിലനേരങ്ങളില്‍മാത്രം. ആകെയുള്ളൊരു വീക്കനസ്സ്.

മണ്ണുപണിക്കുപുറമെ വരന്തരപിള്ളി പുഴയില്‍നിന്നുള്ള മണലോട്ടം, കട്ടയോട്ടം, ചുറ്റുഭാഗത്തൊക്കെയുള്ള ചാണകം,, വെണ്ണൂറ്, ആട്ടിന്‍‌കാട്ടം ട്രിപ്പുകളൊക്കെ കിട്ടി അച്ചന്‍ ഭൂപണയ ബാങ്കിലെ ലോണ്‍ ഭംഗിയായ് അടച്ചുകൊണ്ടിരുന്ന അക്കാലത്ത് ഞാന്‍ ഡ്രൈവിങ്ങില്‍ പോളേട്ടന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു.

വണ്ടിയോടിക്കുകയെന്നതിലുമപ്പുറം പോളേട്ടന്റെ കൂടെപോയാല്‍ കിട്ടുന്ന കള്ള തീറ്റയിലായിരുന്നു അന്നെനിക്ക് ഇന്‍‌ട്രസ്റ്റ്. ആമ്പല്ലൂര്‍ സൈഡിലുള്ള തട്ടുകടകളിലെ ബോട്ടിയും കൊള്ളിയും, എറച്ചിചാറും പൊറോട്ടയും, മാപ്രാണം കള്ളുഷാപ്പിലെ ആമയിറച്ചിയും ഞണ്ടും, പുഴുങ്ങിയ താറാവ് മുട്ട മുളകിലിട്ടത് തുടങ്ങി അന്ന് കൊച്ചുപിള്ളേര്‍ക്ക് അപ്രാപ്യവും അതിവിശിഷ്ടവുമായ രുചികള്‍ പരിചയപ്പെടുത്തിയതും ശീലമാക്കി തന്നതും പോളേട്ടനായിരുന്നു. തൃശ്ശൂര്‍ പൂരം വെടികെട്ട്, പാവറട്ടി പെരുന്നാള്‍, നെന്‍‌മ്മാറ-വല്ലങ്ങി വേല, ഉത്രാളികാവ്പൂരം, കന്യാകുമാരി-ഊട്ടി-പളനി ടൂര്‍ട്രിപ്പുകള്‍ മുതലായ ഒരുമാതിരി എല്ലാ വിനോദങ്ങള്‍ക്കും ചെണ്ട പുറത്ത് കോലെന്നപോലെ എന്നെ കൊണ്ടുനടന്നതോടെ ഈയുള്ളവന്‍ ശരിക്കും പോളേട്ടന്റെ ആരാധകനായി മാറുകയായിരുന്നു. കോളേജ്ജില്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സബ്മിറ്റ് ചെയ്യേണ്ട ഡ്രോയിങ്ങുകള്‍, അസ്സൈമെന്റുകള്‍, സെമസ്റ്റര്‍പരീക്ഷകളെകുറിച്ചെല്ലാം മറന്ന് ഞാന്‍ പോളേട്ടന്റെയും ട്രാക്ടറിന്റെയും പിന്നാലെ കൂടുകായാണുണ്ടായത്.

അക്കാലത്തൊരു ശനിയാഴ്ച്ച രാവിലെ ഞങ്ങള്‍ക്കൊരു ഓട്ടം കിട്ടുന്നു .വരന്തരപിള്ളിക്ക് 5-6 KM അപ്പുറത്ത് മരോട്ടിച്ചാലെന്ന സ്ഥലത്തുനിന്നൊരു ചാണകോട്ടം. ചാണം ലോഡ്ചെയ്യതുകൊണ്ടിരുന്ന സമയത്ത് ആ വഴിയെപോയ ചെത്തുകാരനില്‍നിന്ന് 2കുപ്പി കള്ള് സമ്പാദിച്ചെടുത്തു പോളേട്ടന്‍. ലോഡുകയറ്റുന്ന വീട്ടില്‍ നിന്നുകിട്ടിയ ചാളകൂട്ടാനും തൊട്ടുകൂട്ടി ഒന്ന് ഒന്നേമുക്കാല്‍ കുപ്പി കള്ളടിച്ച് ( കാല്‍ കുപ്പി ഞാനടിച്ചു) ഫോമിലായ പോളേട്ടന്‍ ലോഡും വണ്ടി എന്നിക്കോടിക്കാന്‍ തരുകയാണുണ്ടായത്.

പൊതുവെ സ്പ്പീഡ്കൂടിയ ഇനത്തില്‍ പെട്ടതിനാലും ചാണകം കേറ്റി ലോഡുകിട്ടിയ സന്തോഷത്താലും ആമയെ തോല്‍പ്പിക്കുന്ന വേഗത്തില് ഇഴയുന്നു ഞങ്ങളുടെ കണ്‍‌മണി. കള്ളറ്റിച്ച് ഫിറ്റായ പോളേട്ടന്‍ ഭരണിപാട്ടും മണ്ണുപണിക്കാരുടെ ഈരടികളും പാടി ബോറടി മാറ്റുന്നു. ആളനക്കം കുറഞ്ഞ റബ്ബര്‍ തോട്ടത്തിന്റെ സൈഡിലൂടെയുള്ള കയറ്റം കയറുകയായിരുന്നു വണ്ടി. ആ പറമ്പില്‍ നിന്ന് പുല്ലരിയുകയായിരുന്ന ഒരു പെണ്‍കുട്ടി, വണ്ടികാരുടെ ഫോം കണ്ടിട്ടോ, ട്രാക്ടറ്രിന്റെ സ്പീഡു കണ്ടൊ പുല്ലരിയല്‍ നിറുത്തി ,വായപൊത്തി ഒരു പരിഹാസസിരിയ്യോടെ ഞങ്ങളെ നോക്കിനിന്നുപ്പോയി. അത് പക്ഷെ പോളേട്ടന് പിടിച്ചില്ല, വികടന്‍ വായിലേക്ക് ഓടിയെത്തുകയായിരുന്നു.

“എന്താടി പൂ...........................മോളെ നിന്ന് ഇളിക്കുന്നത്...........”
“വണ്ടീ‍ല്‍ കേറിക്കോ........... അടുത്ത സ്റ്റോപ്പിലെറങ്ങാം...........”

പെങ്കൊച്ച് പേടിച്ചിട്ടുണ്ടാകണം, അപ്പാ......അമ്മേ യെന്ന അലറിവിളിച്ചിട്ടുണ്ടാകാം.
10 സെക്കന്റില്‍ ആളെത്തി. സ്ക്കൂളുവിട്ടത് പോലെ.

പിന്നെയുള്ള യാ‍ത്ര താലപൊലിയും വിളക്കുമായിട്ടായിരുന്നു. മണിക്കൂറില്‍ 5കി.മി വേഗതിലോടുന്ന ശകടം.വണ്ടിയുടെ ഒപ്പം നടന്ന്, റബ്ബറിന്റെ കമ്പെടുത്ത് കുത്തി രസിക്കുന്നു ചിലര്‍. പിന്നിലെ പെട്ടിയില്‍ നിന്നെടുത്ത് മുഖത്തിനുനേരെയെറിയുന്ന പച്ച ചാണകത്തിന് പ്രത്യേക സുഗന്ധവും ടേസ്റ്റും. കാതടിച്ചു പോകുന്ന A ക്ലാസ്സ് തെറികള്‍. അരകിലോമിറ്ററോളം ട്രാക്ടറിന്റെ കൂടെ നടന്ന്, ഭരണിപാട്ട് പാടി ബോറടിച്ച് അവര്‍ തിരിച്ചുപോയപ്പോഴാണ് വരന്തരപിള്ളി അങ്ങാടി ഇനിയും കാണാമല്ലോ എന്നെനിക്കുറപ്പായത്.

അടുത്തുകണ്ടൊരു കുളത്തില്‍ മുങ്ങികുളിച്ച് വരന്തരപിള്ളിയിലെത്തിയ ഞാന്‍ അന്നുതന്നെ പോളേട്ടന്റെയടുത്തുള്ള ശിഷ്യത്വം അവസാനിപ്പിച്ചു. ഉള്ളതുപറഞ്ഞാല്‍ പോളേട്ടനടിച്ച ഡയലോഗിന് ആള്‍ടെ ചെകിളക്കൊരു വീക്ക് അത്യാവശ്യമായിരുന്നു. പക്ഷെ എട്ടും പൊട്ടും തിരിയാത്തൊരു നരുന്തു ചെക്കനെ റബ്ബര്‍ കമ്പിനടിച്ചതിലും ചാണകേറുനടത്തിയതിലും പ്രതിഷേധിച്ച് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ “മരോട്ടിച്ചാല്‍ ഏരിയായില്‍” കാലുകുത്തിയിട്ടില്ല. ഇനിയൊട്ട് പോകുകയുമില്ല...................................

Monday, November 23, 2009

കല്യാണതലേന്ന്

തൊണ്ണൂറുകളുടെ അവസാനവര്‍ഷങ്ങളില്‍ 20-25 വയസ്സുപ്രായമുള്ള ഞങ്ങള്‍ ചെറുപ്പകാരുടെ വലിയൊരു ഗ്രൂപ്പുണ്ടായിരുന്നു വരന്തരപിള്ളി വടക്കും‌മുറി ഭാഗത്ത്. നാം രണ്ട് നമ്മുക്ക് മൂന്നെന്ന പോളിസിയില്‍ എഴുപതുകളുടെ പകുതിയില്‍ പൊട്ടിവിരിഞ്ഞ ഭാവിവാഗ്ദാനങ്ങള്‍. ഗോവേന്ത പള്ളി ഗ്രൌണ്ടില്‍ വോളിബോള്‍ കളി, ജനത സ്ക്കൂള്‍ മുറ്റത്ത് കരാട്ടെ പഠിത്തം, ഡേവിസ് തിയ്യറ്ററില്‍ സെക്കന്റ് ഷോ, ജയകേരള വായനശാലയിലെ ക്യാരംസ്സ്-ചെസ്സ് കളി, വേലുപ്പാടം,പള്ളികുന്ന്,മണ്ണംപേട്ട പള്ളികളിലെ അമ്പ് പെരുന്നാളുകള്‍, പാലക്കല്‍-വരാക്കര-ചെമ്പുചിറ പൂരങ്ങള്‍, അങ്ങാടിയിലെ വായനോട്ടം തുടങ്ങിയതൊക്കെയാണ് ജീവിതത്തിലെ വലിയകാര്യങ്ങളെന്ന് വിശ്വസിച്ച് അര്‍മ്മദിച്ച് ആഹ്ലാദിച്ചു നടന്ന വലിയൊരു സംഘം.




ആ കൂട്ടത്തിലെ ഒരു ഒന്നൊന്നര സുന്ദരനും സുമുഖനും സല്‍‌സ്വഭാവിയുമായിരുന്നു, അങ്ങാടിയില്‍ പച്ചകറി പീടിക നടത്തിയിരുന്ന, ഊട്ടോളി വിജയേട്ടന്റെ പോളിഷ് പണിക്കുപോകുന്ന നാലാമത്തെ മോന്‍ ഊട്ടൊളി സുധീഷ്. ആണ്‍സന്താനത്തിനു വേണ്ടി ഗുരുവായൂര്‍ ഉരുളികമ്മിഴ്ത്തിയ വകയിലുണ്ടായ മൊതല്. അസ്സല്‍ കൃഷ്ണന്‍ തന്നെയായിരുന്നു സുധീഷ്. ഫെയര്‍ & ലൌലിയിട്ട് വെളുപ്പിച്ച മുഖം, എയറുപിടിച്ച നടത്തം, പിന്നിലേക്ക് ചീകി മുന്നിലോട്ട് വലിച്ചിട്ട ഹെയര്‍ സ്റ്റൈല്‍, സകലമാന പെണ്ണുങ്ങളും തന്നെതന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന ഭാവം, മുഖം കറുക്കാതിരിക്കാന്‍ പോളിഷ് പണി തെരെഞ്ഞെടുത്ത ലോലഹൃദയന്‍.ലോകത്തിലെ ഒരുവക എല്ലാ പെണ്ണുങ്ങളോടും പ്രായജാതിമതഭേദമന്യ പ്രേമം തോന്നിയിരുന്ന ഈ യുവകോമളന് വരന്തരപ്പിള്ളി തുടങ്ങി ആമ്പല്ലൂരുവരെയുള്ള ഒരുമാതിരി സുന്ദരിമാരുടെ പേരും നാളും വീടും കയറുന്ന ബസിന്റെ സമയവും സ്റ്റോപ്പുവരെ മനപാഠമായിരുന്നു.



തന്റെ ഒറ്റയൊരു കടാക്ഷത്താല്‍ ഏതു പെണ്‍കുട്ടിയും ലൈനാകുമെന്ന് തെറ്റിദ്ധരിച്ചു നടന്ന സുധീഷ് പക്ഷെ അനുരാഗജീവിതത്തില്‍ അക്കരപച്ചകാരനായിരുന്നു. ആറുമാസത്തിലും കൂടുതല്‍ ഒരു ലൈന്‍ കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ട്. തൃശ്ശൂര്‍ മിഷന്‍ ആശുപത്രിയില്‍ നഴ്സ്സായിരുന്ന ഷീബയെ പ്രണയിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു തലോര്‍ നവജ്യോതികോളേജില്‍ ബീക്കോമിനു പഠിക്കുന്ന സംഗീതയെ കാണുന്നതും ഷീബയെക്കാള്‍ കളര്‍ സംഗീതക്കാണെന്ന വിശ്വാസത്തില്‍ പ്രേമം മാറ്റിപിടിക്കുന്നതും. പക്ഷെ അതും നീണ്ടുനിന്നില്ല, തിരുവിതാക്കൂറില്‍നിന്ന് വന്ന് വടക്കും‌മുറിയില്‍ താമസിച്ചിരുന്ന ജോണേട്ടന്റെ മോള് സാലിമോളെ കണ്ടപ്പോള്‍ മുതല്‍ പിന്നെയൊരുമിളക്കം.




പോളിഷ് പണിക്കുപോയി കിട്ടുന്ന കാശുമുഴുവന്‍ ഫെയര്‍ & ലൌലിക്കും പൌഡറിനും മാത്രമാവുകയും, ചെക്കനെ കുടുംബത്ത് കാണാന്‍‌കൂടി കിട്ടാതെയായപ്പോഴാണ് വിജയേട്ടന്‍ മോന്റെ വീരകഥകളും വിരലിലെണ്ണാന്‍ കഴിയാത്ത പെണ്‍പേരുകളും അന്വേഷിച്ചറിയുന്നത്. പേരുകള്‍ കേട്ട് ഞെട്ടിയ വിജയേട്ടന്‍ ഒടുവില്‍ കുടുംബകാരുടെയും വേണ്ടപ്പെട്ടവരുടെയും ഉപദേശപ്രകാരം ചെക്കന്റെ സൂക്കേടിന് മരുന്നുകണ്ടെത്തുകയും ആനന്ദപുരം-മുരിയാടു ഭാഗത്തുള്ള ഒരു എക്സ്സ് ഗള്‍ഫുകാര‍ന്റെ മകളെ കല്യാണമാലോചിക്കുകയും ചെയ്യ്‌തു. ഇരുനിറമുള്ള,ചുരുള്ളന്‍ മുടിയുള്ള, ചിരിക്കുമ്പോള്‍ നുണകുഴി വിരിയുന്ന ആനന്ദപുരത്തുകാരിയെ കണ്ട സുധീഷ് ത്ന്റെ എക്സ്സിസ്റ്റിങ്ങ് ലൈനിനെ മറക്കുകയും കല്യാണത്തിനു സമ്മതം മൂളുകയും ചെയ്യുകയാണുണ്ടായത്.



പക്ഷെ കല്യാണനിശ്ചയവും ഇടക്കിടെയുള്ള ഫോണ്‍ വിളികളും കഴിഞ്ഞതോടെ ചുള്ളന്റെ ആദ്യ പൂതി തീര്‍ന്ന് ചെറു ബോറിങ്ങ് ഫീല്‍ ചെയ്യതു തുടങ്ങുകയും ഈ കല്യാണത്തോടെ താ‍ന്‍ പെട്ടുപോകുമെന്നും, ഇരുനിറക്കാരി മിസ്സ് ആനന്ദപുരത്തിന്റെ കസ്റ്റഡിയിലായിരിക്കും തന്റെ ശിഷ്ടജീവിതമെന്നും, വീട്ടുകാരും കൂട്ടുകാരും കൂടി തന്നെ കുഴിയില്‍ വീഴ്ത്തുകയായിരുവെന്നും തിരിച്ചറിഞ്ഞതോടെ മനഃസമാധാനം നഷ്ടപ്പെട്ട സുധീഷ് കല്യാണ ദിവസമടുത്തതോടെ നിലാവത്തഴിച്ചിട്ട കോഴിയേപോലെയായിതീര്‍ന്നു.



അങ്ങനെയങ്ങനെ കല്യാണതലേനാള്‍ സമാഗതമായി. വീടു നിറയെ ആളും ബഹളവും. ടേപ്പ് റിക്കോര്‍‌ഡറില്‍ തമിഴ് പാട്ട്, കറികരിയുന്നതിന്റെയും നാളികേരം ചിരകുന്നതിന്റെയും പിഴിയുന്നതിന്റെയും തിരക്ക്, അളിയന്‍‌മാരുടെ ഭരണം, പന്തലില്‍ അലങ്കാരപണികളുടെയിടയിലും വിരുന്നുവന്ന പെണ്‍കുട്ടികളുടെ ശ്രദ്ധകിട്ടാനായി കോപ്രായങ്ങള്‍ കാട്ടുന്ന ഞാനടക്കമുള്ള യൂത്തന്‍‌മാര്‍, വെപ്പുകാരനെയും ഹെല്‍പ്പറായ ചേച്ചിയേയും ശുണ്ഠി പിടിപ്പിക്കുന്ന അലവലാതികള്‍, ഇരുട്ടിന്റെ മറവില്‍, ഫ്രീ കിട്ടുന്ന കൊട്ടുവടിയടിച്ച് ഇടക്കിടെ റീഫ്രഷ് ചെയ്യുന്ന കാര്‍ന്നോര്‍മാര്‍, ആഭരണങ്ങളും തുണിയും നോക്കി നോക്കി മതിവരാത്ത പെണ്ണുങ്ങളുടെ തിരക്ക് വീട്ടിനുള്ളില്‍. ഈ വക ബഹളങ്ങളൊന്നും തന്നിക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന മട്ടില്‍ മറ്റേതോലോകത്തായിരുന്നു കല്യാണചെക്കന്‍.



രാത്രി വൈകിയതോടെ കല്യാണചെക്കനെ ഉറക്കമൊളിപ്പിക്കാതെ കിടത്താനായി മൂത്തപെങ്ങള്‍ അന്വേഷിച്ചുതുടങ്ങുകയും, പന്തലിലും കൂട്ടുകാര്‍ക്കിടയിലും ചായ്പ്പിലും അടുക്കളഭാഗത്തും കാണാതെ വന്നപ്പോഴാണ് കാര്യം സീരിയസ്സാണെന്ന് പന്തലിലുള്ളവര്‍ മനസ്സിലാക്കുന്നത്. കറികരിയലും നാളികേരപിഴിച്ചിലും നിന്നു. മെല്ലെ മെല്ലെയുള്ള കരച്ചില്‍ കൂട്ടനിലവിളിക്കു വഴിമാറിതുടങ്ങി. കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നുള്ള പോളിസിയില്‍ ചിലര്‍ അടുത്തുഭാഗത്തുള്ള കിണറ്റിലും മരത്തിലുമൊക്കെ ടോര്‍ച്ചടിച്ചുനോക്കിയത്രേ. സുധിഷിന്റെ അമ്മ ഗിരിജ്ജേച്ചി ബോധം കെട്ടുവീഴുകയും പെങ്ങള്‍‌മാര്‍ എണ്ണിപെറുക്കികരയാന്‍ തുടങ്ങിയ ആ മിഡ് നൈറ്റില്‍, പലരും സുധീഷിനായിടക്കുണ്ടായ സ്വാഭാവമാറ്റത്തെകുറിച്ച് ചര്‍ച്ച ചെയ്യുകയും ഒരു നിഗമനത്തിലെത്താന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു.

രാത്രി 10.30 നു ശേഷം കല്യാണചെക്കനെ കണ്ടവരാരുമില്ലെന്നും അതിനുമുമ്പെപ്പോഴോ റോഡില്‍ കിടന്നിരുന്ന ഓട്ടോറിക്ഷയില്‍ സുധീഷിനെ കണ്ടവരുണ്ടെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു.



വരന്തരപ്പിള്ളി അങ്ങാടിയില്‍ കൂടി തിരയാന്‍പോയവര്‍ കൂടി മടങ്ങി വന്നതോടെ കാര്യങ്ങള്‍ ഏറെകുറെ ക്ലിയറാകുകയും ചെക്കന്‍ നാട്ടില്‍ നിന്ന് സ്ക്കുട്ടായെന്ന് ഉറപ്പാക്കുകയും ചെയ്യ്‌തു. തറവാടിന്റെ മാനം നഷ്ടപ്പെട്ട വിജയേട്ടന്‍ എറയത്ത് കുനിഞ്ഞിരുന്ന് കരഞ്ഞു. ഉടനടി ഈ വിവരം പെണ്ണുവീട്ടുകാരെ അറിയിക്കേണ്ട ആവശ്യകതെയെകുറിച്ച് കാര്‍ന്നോര്‍മാരും നാട്ടു പ്രാമാണിമാരും ചര്‍ച്ച ചെയ്യുന്നു. കല്യാണത്തിന്റെയന്ന് പുലര്‍ച്ചെ ഈ വാര്‍ത്തയും കൊണ്ടുച്ചെന്നാല്‍ കിട്ടാന്‍ പോകുന്ന സമ്മാനത്തിന്റെ വലുപ്പമറിയുന്നതിനാല്‍ ദൂത് പോകാന്‍ ആരെയും കിട്ടാത്ത അവസ്ഥ. അവസാനം മനസ്സില്ലാ മനസ്സോടെ 70 വയസ്സായ രണ്ട് അമ്മാച്ചന്‍‌മാരെ ഓട്ടോയില്‍ യാത്രയാക്കി, നഷ്ട്ടപ്പെട്ട അഭിമാനമുറിവില്‍ വിജയേട്ടന്‍ അലറി.



“മരിച്ചുപോയ കാര്‍ന്നോര്‍മാരാണെ,വരാക്കര കാവിലമ്മയാണെ സത്യം”

“ എന്നിക്കിങ്ങനെയൊരു മോനില്ല”

“ ഇനിയെന്റെ മുന്നിലവനെ കണ്ടാല്‍, ഈ കരയിലവന്‍ കാലുകുത്തിയാല്‍

കൊത്തിയരിഞ്ഞ് പോര്‍ക്കിനിട്ടുകൊടുക്കും ആ പെലയാ....... മോനെ.....”



ഒരു പത്ത് സെക്കന്റ്. മാജിക്കിലെന്നപോലെ സുധീഷ് പന്തലില്‍ പ്രത്യക്ഷപ്പെട്ടു. പറമ്പിനറ്റത്തുള്ള വൈക്കോല്‍ പുരയിലിരിക്കുകയായിരുന്നു ഈ പൊന്നുംകുടം. എങ്ങനെയെങ്കിലും കല്യാണം മുടങ്ങിയാല്‍ താന്‍ രക്ഷപെടുമെന്നുള്ള അതിമോഹത്താല്‍ ഉണ്ടായ കുരുട്ടു ബുദ്ധി. അച്ചന്റെ ശപഥം കേട്ടതോടെ ചങ്കിലെ കിളി പറന്നുപോകുകയും ഇനി ശരണം അച്ചന്റെ കാലാണെന്ന തിരിച്ചറിവില്‍ ഓടിയെത്തിയതാണ്.



കാലുമടക്കി ഒറ്റതൊഴിയായിരുന്നു ആദ്യം, പിന്നെ ചെറിയൊരു വെടികെട്ടും ചില്ലറ സമ്മാനങ്ങളും.



ടേപ്പ് റിക്കോര്‍ഡര്‍ വീണ്ടും ഓണായി. കെട്ടുപോയ അടുപ്പില്‍ വീണ്ടും തീ കത്തിതുടങ്ങി, പെണ്ണ് വീട്ടുകാരെ വിവരമറിയിക്കാനായി മന്ദം മന്ദം പോയവരെ ആബല്ലൂരില്‍ വെച്ചുതന്നെ കണ്ടെത്തി തിരിച്ചു കൊണ്ടുവന്നു.



പിറ്റേന്നാള്‍ ആനന്ദപുരം അമ്പലത്തില്‍വച്ച് സുധീഷിന്റെയും ഗ്രീഷ്മയുടെയും വിവാഹം കെങ്കേമമായി നടന്നു.

ചെറുക്കന്റെ മുഖവും ശരീരവും മുന്നത്തേക്കാള്‍ തുടുത്തിരിക്കുന്നതായി പെണ്ണ് വീട്ടുകാര്‍ അടക്കം പറഞ്ഞത്രേ.



**************************************























Tuesday, September 22, 2009

പല്ലന്‍ അശോകന്‍

വരന്തരപ്പിള്ളിയിലെ വന്‍ പുലി മഞ്ഞളി ജോസേട്ടന്റെ “മേരിമാത” ലോറിയിലെ കിളിയായിരുന്നപ്പോള്‍ ആശോകന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആരുമായിരുന്നില്ല. ആയിരത്തിന് 30 രൂപ ബാറ്റ കാശ് കിട്ടുന്ന വെറുമൊരു കിളി. ജോസേട്ടന്‍ ആയിടക്ക് ഭാരതപുഴ മണലോട്ടവും പൊറുത്തുശ്ശേരി കട്ട ഓട്ടവും നിറുത്തി ആലുവയിലുള്ള വളം കമ്പനിക്കുവേണ്ടി എല്ലുംകുഴിയോട്ടം പിടിച്ച് ബിസിനസ്സ് പൊലിപ്പിച്ച കാലം.
ആശാനും ഡ്രൈവറുമായ പൊറുഞ്ചുവേട്ടന്റെ വാത്സല്യത്തോടെയുള്ള, മിനുട്ടുക്ക് മിനുട്ടിനുള്ള തന്തക്കു വിളിയും, എല്ലുംകുഴി ട്രിപ്പിനുപോയി വന്ന് വണ്ടി കഴുകി കഞ്ഞി കുടിക്കാനിരുന്നാല്‍ ലോറിയില്‍ കണ്ട സുന്ദരന്‍ പുഴുക്കള്‍ കഞ്ഞിയില്‍ കിടന്ന് കളിക്കുന്നുവെന്ന് തോന്നുകയും ഇങ്ങനെ ഡെയ്‌ലി അത്താഴം മുടങ്ങുകയും ചെയ്യതപ്പോഴാണ് അശോകന്‍ “മേരിമാതയോട് ” റ്റാറ്റ പറഞ്ഞത്.

സമയം മോശമായിരുന്നില്ല. ഖത്തറിലേക്കുള്ള ഒരു ഡ്രൈവര്‍ വിസ കാത്തിരിക്കുകയായിരുന്നു അശോകനെ. പൊറിഞ്ചുവേട്ടന്റെ പൂ..... കൂ.... വിളികള്‍ കേട്ടുപതംവന്ന കാതുമായി അറബിതെറികള്‍ക്കും മല്ല് പണികള്‍ക്കും മുന്നില്‍ തളരാതെ കുറച്ചു വര്‍ഷങ്ങള്‍.

ആറുകൊല്ലത്തിനുശേഷം ഒരുപാടുമാറ്റങ്ങളും ഒത്തിരി കാശുമായി അശോകനെത്തിയപ്പോഴും വരന്തരപ്പിള്ളികാര്‍ക്ക് വലിയ മൈന്‍ഡൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നാട്ടില്‍ ലാന്‍ഡ് ചെയ്യത് ഒന്നൊന്നര മാസത്തിനുള്ളില്‍ ഒരു ടിപ്പറും JCB യും വാങ്ങുകയും മുപ്ലിയം നന്തിപുലം സൈഡില്‍ ഒരേക്കര്‍ സ്ഥലത്തിന് അച്ചാരം കൊടുത്തപ്പോഴാണ് ഇത് പഴയ കിളി അശോകനല്ലെന്ന് നാട്ടുകാര്‍ മനസ്സിലാക്കുന്നത്. കുശുമ്പിന് കുറവില്ലാത്ത വരന്തരപ്പിള്ളിക്കാര്‍ , ഇവനോടിച്ച വണ്ടി മറിച്ച് വിറ്റ് മുങ്ങിയാതാകാമെന്നും അല്ലെങ്കില്‍ ഏതെങ്കിലും അറബിയുടെ പോക്കറ്റടിച്ച് സ്ക്കുട്ടയതാവമെന്നുമുള്ള കഥകളുണ്ടാക്കി സമാധാനപ്പെട്ടു.

ചെമ്മണ്ണൂര്‍, മഞ്ഞളീസ്, കുന്നികുരുവില്‍ തുടങ്ങിയ പാരമ്പര്യ പണക്കാരെ മാത്രം ആദരിച്ചിട്ടുള്ള ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഈ പുത്തന്‍ പണക്കാരനെ അംഗീകരിക്കാന്‍ മടിയായിരുന്നു.

അന്നാളുകളിലായിരുന്നു വരാക്കര പൂരത്തിന് കൊടിയേറിയത്. ആ പ്രാവശ്യമെങ്കിലും കണ്ടമ്പുള്ളി ബാലനാരയാണനെ (എഷ്യയിലെ ഏറ്റവും ഉയരം കൂടിയ നാട്ടാന, വര്‍ഷങ്ങള്‍ക്കുമുബ് ചരിഞ്ഞു) വടക്കും‌മുറി പൂരസെറ്റില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ യൂത്തന്‍മാര്‍ ആഗ്രഹിച്ചിരുന്ന സമയം. മണ്ണം‌പെട്ട, പൂക്കോട് ടീംമ്മൂകളോട് കഴിഞ്ഞ വര്‍ഷത്തെ കെറു തീര്‍ക്കാനൊരവസരം.

പക്ഷെ വടക്കും‌മുറി പൂരസെറ്റിന്റെ കമ്മിറ്റിക്കാരായ കിളവന്‍‌മാര്‍ ഭയങ്കര
അര്‍ക്കീസുകളായിരുന്നു. ഈ ആനക്ക് ഏക്കം കൂടുതലാണെന്നും ആ കാശിന് വേറെ രണ്ടാനകളെ എഴുന്നുള്ളിക്കാമെന്ന് പറഞ്ഞ് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് രക്ഷകനായി അശോകന്‍ അവതരിക്കുന്നത്. പണം പോയി പവ്വറ് വരട്ടെയെന്ന പോളിസിയില്‍ അങ്ങനെ കണ്ടമ്പുള്ളി ബാലനാരായണന്‍ അക്കുറി വടക്കും‌മുറി പൂരസെറ്റിലെത്തി. കിളി അശോകന്‍ ഞങ്ങള്‍ക്ക് ‘പല്ലന്‍ അശോകേട്ടനായി’ മാറുകയായിരുന്നു.


അങ്ങനെ ഗംഭീരമായ പൂരംനാളില്‍ രാത്രി എഴുന്നുള്ളിപ്പിനായ് അബലത്തിലേക്ക് നീങ്ങുകയായിരുന്നു വടക്കും‌മുറിക്കാരുടെ സെറ്റ്. മുന്നില്‍ പീലിക്കാവടി, പൂക്കാവടി, താളത്തിന് കോവ്വൈ ബ്രദ്ദേര്‍സ്സിന്റെ നാദസ്വരം, അതിനുപിന്നില്‍ ശിങ്കാരിമേളം. ഉയരത്തില്‍ കേമ്മനങ്കെലും സ്വഭാവം മഹാ വെടക്കായ കണ്ടമ്പുള്ളി കൂച്ചുവിലങ്ങിട്ട് മന്ദം‌മന്ദം ഏറ്റവും ഒടുവില്‍.

വന്‍‌തുക മുടക്കി ആനയെ കൊണ്ടുവന്ന ഗമയില്‍, ഒന്നൊന്നര ഹണി ബീ യുടെ ബലത്തില്‍ പൂരം മുന്നില്‍‌നിന്നു നയിക്കുകയായിരുന്ന അശോകേട്ടന് ആ സമയത്തൊരു ഉള്‍വിളി. കോവ്വൈ ബ്രദ്ദേര്‍സ്സിനെകൊണ്ട് “ഹരിമുരളിരവം” വായിപ്പിക്കണം.

“ അണ്ണാ കാവടിക്കിത് സ്യൂട്ടാവത്” യെന്നുപറഞ്ഞ തമ്മിഴനെ ഒറ്റചവിട്ടായിരുന്നു. “പന്ന പൂ.... മോന്നെ ഹരിമുരളിരവം വായിക്കാതെ ഒരടി അനങ്ങില്ല നീ....”

കാവടിയാട്ടം നിന്നു, ശിങ്കാരിമേളക്കാര്‍ കൊട്ടവസാനിപ്പിച്ചു. പൂരത്തിനിടക്ക് അലമ്പുണ്ടാകുന്നെന്നറിവില്‍ സ്ത്രീ ജനങ്ങള്‍ സ്ക്കൂട്ടായി. വീരശൂരഗജപോക്കിരി കണ്ടമ്പുള്ളി പോലും പട്ട നിലത്തിട്ട് ചെവി വട്ടം പിടിച്ചുനിന്നു. പൂരം അലമ്പായെങ്കിലും ആ രാത്രി പുലര്‍ന്നതോടെ വരന്തരപിള്ളിക്കാര്‍ പല്ലന്‍ അശോകേട്ടനെ ബഹുമാനിക്കാന്‍ പഠിച്ചുതുടങ്ങിയിരുന്നു.

പിന്നെയങ്ങോട്ട് വീരകഥകള്‍ മാത്രമായിരുന്നു. JCB യുടെ കിളി ചെക്കന്റെ മോറിന് ഗ്രീസ്സ് വെച്ച കൈകോണ്ടൊരു പൊത്ത്, തൃശ്ശുര്‍ പാലപ്പിള്ളി റൂട്ടിലെ ആശ ബസിന്റെ ഡ്രൈവര്‍ ഷിബുവിനെ പള്ളിക്കുന്നത്തിട്ട് പൂശീയത്, ഗോവേന്ത പള്ളിയിലെ അബ് പെരുന്നാളിന് ട്വിസ്റ്റ് അടിച്ച് പെണ്ണുങ്ങളെ ടച്ച് ചെയ്യ്‌ത പൂവാലന്‍‌മാരെ എടുത്തിട്ടടിച്ചത് തുടങ്ങിയ എണ്ണം പറഞ്ഞ വീരകഥകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ല . മരകമ്പനിയും കട്ടപാടവും വാങ്ങി തന്റെ അസറ്റ് വര്‍ദ്ധിപ്പിചുകൊണ്ടിരുന്ന അക്കാലത്ത് സില്‍ബന്ദികളും മൂടുതാങ്ങികളും പല്ലനെ പൊക്കി പൊക്കി SNDP യൂണിയന്‍ നേതാവാക്കുകയും നാട്ടിലെ ഒരു ഫിഗറാക്കുകയും ചെയ്യ്‌തു.

മേട്ടയും പ്രമാണിയുമായി അശോകേട്ടന്‍ വളരുകയായിരുന്നു.

അന്നാളുകളില്‍, വേലുപ്പാടം പുല്‍ക്കണ്ണിയെന്ന സ്ഥലത്തുനിന്ന് കല്ലൂര്‍ ഭാഗത്തേക്ക് പുതിയൊരു വഴിവെട്ടുകയായിരുന്നു അന്നാട്ടുകാര്‍. സ്ഥലമെടുപ്പുണ്ടാകുബോള്‍ തര്‍ക്കങ്ങളുണ്ടാകുന്നത് സ്വഭാവികം. അത്തരമൊരു തര്‍ക്കത്തിന് മദ്ധ്യസ്ഥം പറയാനെത്തിയതായിരുന്നു അശോകേട്ടന്‍. വന്ന പ്രമാണിയുടെ വമ്പത്തം അറിയാതെ കലിച്ചുവന്നൊരു ചെല്ലിചെക്കനെ പൊറിഞ്ചുവേട്ടന്‍ സ്റ്റൈലില്‍ തന്തക്കു വിളിച്ചത് ഓര്‍മ്മയുണ്ട് അശോകേട്ടന്. ചെകിളക്കുള്ള വീക്കും ചങ്കിനുള്ള ചവിട്ടും അത്രക്ക് ഈണത്തിലായിരുന്നു.

താന്‍ തല്ലിയത് പല്ലന്‍ അശോകനെയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ധൈര്യം ചോര്‍ന്ന, സൌദിയില്‍നിന്ന് ലീവിന് വന്ന മുജീബിനെ വീട്ടുകാര്‍ കോടാലി കൊടകര വഴി ചാലകുടിയിലേക്ക് കടത്തി അപ്പോള്‍ തന്നെ.

അല്‍‌പ്പസമയത്തിനകം അങ്ങാടിയില്‍ ഒട്ടോറിക്ഷകളും ബൈക്കുകളും പരക്കം പായുകയും മറ്റൊരു ജീപ്പില്‍ അശോകേട്ടനും ടീമ്മും ചാലകുടിക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മുജീബിന്റെ തല ഇന്ന് നിലത്തുരുളുമെന്ന വാര്‍ത്ത വന്നതിനുശേഷം ഞങ്ങളെ പോലുള്ള ചിന്ന പയ്യന്‍മാരുടെ ഫസ്റ്റ്-സെക്കന്‍ഡ് ഷോകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുകയും വീട്ടില്‍ നിന്നെറങ്ങിയാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്നുള്ള കാര്‍ന്നോര്‍‌മാരുടെ ഉത്തരവിറങ്ങുകയും ചെയ്യ്‌തു.

പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. പുതുക്കാട് ഹൈവെ റ്റവ്വര്‍ ബാറില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് ടീം അംഗങ്ങളോട് അശോകേട്ടന്‍ പറഞ്ഞത്രേ

“ നടന്നതു നടന്നു”

“ഇനി ചാലകുടിയിലെ കാക്കന്‍‌മാരുടെ ഇടികൂടി വാങ്ങിക്കേണ്ട”

“നമ്മളിപ്പോ സീജി തിയ്യറ്ററില്‍ “കിന്നാരതുമ്പികള്‍” കാണാന്‍ കയറും”

“ പക്ഷെ വരന്തരപ്പിള്ളിക്കാരറിയ്യേണ്ടത് നമ്മള്‍ ചാലകുടി മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ചെക്കനെ കിട്ടിയില്ലെന്നും കൈയ്യില്‍ കുടുങ്ങിയിരുന്നെങ്കില്‍ തുണ്ടം തുണ്ടമാക്കിയേനെന്നും”

രാത്രിയോടെ സിനിമകണ്ടു തിരിച്ചെത്തിയ സംഘത്തില്‍ ആത്മാഭിമാനമുള്ള രണ്ടു ചെറുഗുണ്ടകളുണ്ടായിരുന്നു. പല്ലന്റെ ടീം‌മില്‍ നിന്ന് റിസൈന്‍ ചെയ്യ്‌ത അവരാണ് ഈ കഥ വരന്തരപ്പിള്ളിക്കാരോട് പറഞ്ഞത്.


പല്ലന്‍ അശോകന്‍ ക്ഷീണത്തിലാണ്. അടുത്ത വരാക്കര പൂരത്തിന് കൊവ്വൈ ബ്രദ്ദേര്‍സ്സിനെ കൊണ്ടുവരണം. ഹരിമുരളിരവം പാടിക്കണം. പഴയ പേരു വീണ്ടെടുക്കണം. വരാക്കര ഭഗവതി സഹായിക്കട്ടെ...........................








Tuesday, August 25, 2009

ഇറ്റലിയില്‍ നിന്നൊരു കോള്‍

തൊണ്ണുറുകളുടെ അവസാനവര്‍ഷങ്ങളില്‍, അമ്മാവന്‍ ശരിയാക്കികൊണ്ടിരിക്കുന്ന വിസയില്‍ ഇറ്റലിക്കു പോകാനായി ത്രിശ്ശുരില്‍നിന്ന് സുമുഖനായൊരു ചെറുപ്പകാരനെത്തി ബോംബ്ബെയില്‍. രണ്ടു ദിവസം ബോംബ്ബെ ചുറ്റിയടിച്ചു കാണുബോഴേക്കും തനിക്കുള്ള വിസയും ടിക്കറ്റും കൈയ്യിലെത്തുമെന്നുള്ള മുന്‍‌ധാരണ തകര്‍ന്ന് അന്ധേരിയില്‍ രണ്ടുമാസത്തില്‍ധികം കഴിയുകയും, റൊട്ടി ദാല്‍ എന്ന് സ്വന്തം വയര്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യതപ്പോഴാണ് സുരേഷ്കുമാ‍റെന്ന സുന്ദരകുട്ടപ്പന്‍ ന്യുബോംബ്ബെയിലുള്ള ഞങ്ങളുടെ കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റില്‍ സ്റ്റോര്‍ കീപ്പറായി എത്തിചേരുന്നത്.



ജോയിന്‍ ചെയ്ത ദിവസത്തെ ഇന്‍‌ട്രറസ്റ്റ് ഒന്നും പിന്നിടാങ്ങോട്ട് ഉണ്ടായില്ല. ബികോമും പിജിഡിസി‌എയും കഴിഞ്ഞ താന്‍ വരേണ്ടത് സിമന്റും പെയിന്റും പാട്ടയും പൊടിയും നിറഞ്ഞ ഈ സ്റ്റോറിലല്ലെന്നും, അങ്ങ് ഇറ്റലിയില്‍ സുന്ദരികളായ മദാമ്മമാരുടെ കൂടെ A/C റൂമിലാണ് തന്റെ കരിയറെന്നും സുരേഷ്കുമാര്‍ പലവട്ടം തന്നോടും മുന്നില്‍വന്നുപെട്ടവരോടും പറഞ്ഞു നടന്നു. മേലനങ്ങുബോള്‍ വല്ലായമ്മ, സീറ്റില്‍ നിന്നെഴുന്നേല്‍ക്കാനൊരു വേണ്ടായമ്മ, സ്റ്റോര്‍ ബുക്ക് നോക്കുബോള്‍ തലവേദന, മിണ്ടിയാല്‍ ദേഷ്യം തുടങ്ങിയ പല അസുഖങ്ങളും ഇക്കാലങ്ങളില്‍ ഇദ്ദേഹത്തിനെ പീഢിപിച്ചുകൊണ്ടിരുന്നു. ജോലിയിലുള്ള ശ്രദ്ധ കാരണം, 10 പാട്ട പെയ്ന്റിന് റിക്വസ്റ്റ് ചെയ്താല്‍ 5 ബാഗ് സിമന്റെയക്കുകയും ചോദിച്ചാല്‍ ദേഷ്യപെടുകയും ചെയ്യുന്ന ഈ പോന്നുംകുടം ചുരുങ്ങിയ നാളുകൊണ്ട് എല്ലാവരുടെയും പ്രീതിയും സ്നേഹവും പിടിച്ചുപറ്റി.



ജോലിയിലുള്ള ശുഷ്കാന്തി മൂലം ഉച്ചക്ക് പതിനൊന്നുമണിയോടെ മയക്കത്തിലേക്കുവീണ്, നാട്ടില്‍ വിമല
കോളേജിനുമുന്‍പില്‍ വായ്നോക്കിനില്‍ക്കുന്ന സ്വപ്നവും കണ്ട് കസേരയില്‍ ചാരികിടന്ന ഒരു ദിവസമാണ് കട്ടുറുബായി ഞാനവിടെ ചെന്നതും അര്‍ജ്ജന്റായി ഇഷ്യു ചെയ്യണ്ട 50 ബാഗ് സിമന്റിനെ കുറിച്ചോര്‍മ്മിപ്പിചതും. സ്വപ്നം മുറിഞ്ഞതിന്റെയും വിമലയിലെ സുന്ദരിയുടെ മുഖം മാഞ്ഞതിന്റെയും കെറുവില്‍ “ സിമന്റും കോപ്പും” രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ട് എന്നൊരു ഡയലോഗടിച്ചു ഈ പൊന്നുമോന്‍.



ഇന്നലെ വന്ന ഈ ജൂനിയര്‍ പയ്യന്റെ അഹങ്കാരം സഹിക്കാന്‍ വയ്യാതെ സീനിയറായ ഞാന്‍ നടന്നകാര്യം എരിവും പുളിയും മസാലയും കേറ്റി വിത്തിന്‍ സെക്കന്‍ഡില്‍ ഞങ്ങളുടെ പ്രൊജ്ജക്റ്റ് മനേജറുടെ കാ‍തില്‍ പോസ്റ്റു ചെയ്യതു. വേറെതോ കേസ്സില്‍ കലിച്ചു നില്‍ക്കുകയായിരുന്ന ജോതിബസുവിന്റെ ഛായയുള്ള അതേ നാട്ടുകാരനായ റോയ്സാബ് സുരേഷ്കുമാറിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സൌമ്യമായി ബംഗ്ലാ-ഹിന്ദിയില്‍ ഇങ്ങനെ ഉപദേശിച്ചത്രേ.



‘ ടാ മമ.... മോനേ.... നത്തുമോറാ...’

‘ വേഷം കെട്ടുകാണിക്കാന്‍ ഇതു നിന്റെ അപ്പന്റെ വകയല്ല...’

‘ കൂടൂതലഭ്യാസം കാണിച്ചാല്‍ ചെകിളക്ക് വീക്കും ഞാന്‍’

‘ പണി വേണ്ടെങ്കില്‍ വിട്ടുപോടാ ചെക്കാ......’



പത്ത് മിനുട്ടിനുള്ളില്‍ 50 ബാഗ് സിമന്റ് സൈറ്റില്‍ എത്തിചേര്‍ന്നെങ്കിലും അന്നു തന്നെ സുരേഷ്കുമാറെന്നെ ശത്രുവായി പ്രഖ്യാപിക്കുകയും പങ്കുവെട്ടുകയും ചെയ്തു.



അന്നാളുകളില്‍, പ്രൊജ്ജക്റ്റ് മാനേജര്‍ നേരത്തെ പോകുന്ന ദിവസങ്ങളില്‍, ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു ഓഫീസ് മുറ്റത്ത്. ടീം‌മൊന്നുമുണ്ടാക്കാതെ വെറുമൊരു തട്ടികളി. സ്റ്റോറിലെ മുഷിപ്പില്‍നിന്നും ഇറ്റാലിയന്‍ സ്വപ്നങ്ങളില്‍ നിന്നും സുരേഷ്കുമാര്‍ മുകത്നാകുന്നത് ഈ സമയത്താണ്.
പ്രൊജ്ജക്റ്റ് മാനേജരുടെ കൈയ്യില്‍ നിന്നു തെറികേട്ടതിനുശേഷം ഈയുള്ളവനോട് സ്നേഹം വര്‍ദ്ധിച്ചിരുന്ന,ത്രിശ്ശൂര്‍ കുന്നത്തങ്ങാടി ചിയേര്‍സ് ക്ലബ്ബിന്റെ ക്യപ്റ്റനായിരുന്ന ഈ യുവരാജ് സിംഹ് എന്റെ ബോളുകളെ തെരഞ്ഞുപിടിച്ച് ബൌണ്ടറികള്‍ കടത്തുകയും ആദ്യ ബോളിന് തന്നെ കുറ്റി തെറുപ്പിച്ച് പവലിയനിലേക്ക് പറഞ്ഞയക്കുകയും ചെയ്യത് അര്‍മദിച്ചുപോന്നു. പോരാത്തതിന്,

‘ എന്‍‌ജിനിയറെ സ്റ്റോര്‍ കീപ്പര്‍ ബൌണ്ടറി കടത്തിയേ.................’
‘ എന്‍‌ജിനിയറുടെ കുറ്റി തെറുപ്പിച്ചെ ...............’

തുടങ്ങിയ മനോഹരങ്ങളായ ഡയലോഗുകള്‍ പറഞ്ഞെനെ ഇറിറ്റേറ്റ് ചെയ്യുന്നതും ശീലമാക്കിയിരുന്നു.

അങ്ങനെ ഇന്നലെ വന്ന ഈ ഞാഞ്ഞൂള്‍ ഞങ്ങളുടെ തലയില്‍ കേറി നിരങ്ങികൊണ്ടിരിക്കുകയും ഒരു പണി കൊടുക്കാന്‍ ഗ്യാപ്പ് നോക്കിനിന്ന കാലത്താണ്, ഒരു ശനിയാഴ്ച്ച ഉച്ചസമയത്ത് സുരേഷ്കുമാറിനെ തേടി ഇറ്റലിയില്‍ നിന്നാ കോള്‍ വരുന്നത്. സൈറ്റിലേക്ക് സ്റ്റീല്‍ കയറ്റി വരുന്ന വണ്ടിക്ക് വഴിപറയാന്‍ പോയതിനാല്‍ സുരേഷ്കുമാറിനുപകരം ഞാനാണ് ഫോണ്‍ അറ്റന്‍‌ഡ് ചെയ്യതത്.

സൂരേഷിന്റെ അമ്മാവനാണ് താന്നെന്നും പിറ്റെന്നാള്‍ ഇതേ സമയം വിളിക്കാ‍മെന്നും ഇതൊന്ന് അനന്തരവനെ അറിയിക്കണമെന്നറിയിച്ച് ഫോണ്‍ കട്ടായി. അടുത്ത പത്തുമിനുട്ടിനകം സുരേഷ്കുമാറിന് ഇറ്റാലിയന്‍ വിസ കിട്ടിയെന്ന വാര്‍ത്ത പരന്നു സൈറ്റിലാകെ. ട്രയലറിന് വഴി കാണിച്ചു വന്ന കഥാനായകന് ഈ വാര്‍ത്തകേട്ട് സന്തോഷതലചുറ്റലുണ്ടാകുകയും ബോധം വന്നതിനുശേഷം എന്താണ് ശരിയായ വിവരമെന്നന്വഷിച്ച് എന്റെയടുതെത്തുകയുമൂണ്ടായി.

പണികൊടുക്കാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍

തന്റെ അമ്മാവന്‍ വിളിച്ചിരുന്നു, ബാക്കി വൈകിട്ടെ ക്രിക്കറ്റ് കളിക്കിടെ പറയാമെന്നുമാത്രമറിച്ച് സുരേഷിനിനെ ആശങ്കുലനാക്കി വൈകുന്നേരമാകാന്‍ കാത്തിരുന്നു ഞാന്‍.

അങ്ങനെ കാത്തിരുന്ന സമയമെത്തി, റോയ്സാബ് 5 മണിയോടെ ഓഫീസ് വിട്ടതും എല്ലാവരും ബോളും ബാറ്റുമെടുത്ത് കളിക്കാനിറങ്ങി. ആദ്യം ബാറ്റിങ് ചെയ്യത എനിക്ക് ബൌള്‍ ചെയ്യതുതന്നത് സുരേഷ്കുമാര്‍. ആദ്യബോളില്‍ ഇവന്‍ ഔട്ടാകുമെന്നും അടുത്ത ബാറ്റിങ്ങ് തന്നിക്കാണെന്നുപറഞ്ഞു നിന്ന മറാട്ടികാരന്‍ മിലിന്ദിനെയും നൊക്കിനിന്ന മറ്റുള്ളവരെയും അത്ഭുതപെടുത്തി ജീവിതത്തിലാദ്യത്തെ സിക്സ്സറടിച്ചു ഞാന്‍. മുത്തയ്യ മുരളിധരന്റെ പോലെ പന്തെറിയുന്ന ഇവനിന്തെതു പറ്റിയെന്നാലോചിച്ചുനിന്ന കൂട്ടുകാര്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും ഫോറും സികസറും പറത്തി ഞാനാഹ്ലാദിച്ചു.

തന്റെ അമ്മാവന്‍ നാ‍ളെ ഉച്ചക്ക് വിളിക്കും, കാത്തിരിക്കണമെന്ന് പറഞ്ഞുപോയ ആ രാത്രിയില്‍ വിസ റെഡിയായിട്ടുണ്ടാകുമെന്ന സന്തോഷത്താലോ അതോ ക്രിക്കറ്റിന്റെ ബാലപാഠമറിയാത്തവന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യത് സികസ്സറടിച്ച വിഷമം സഹിക്കാഞ്ഞോ, ദേശി ദാരു (ചാരായം) അടിച്ച് ഫിറ്റായ സുരേഷ്കുമാര്‍ പുലരും വരെ പുളിച്ച തെറി പറയുകയായിരുന്നത്രെ ഈയുള്ളവനെ........................

Wednesday, August 5, 2009

കോഴി

ഞങ്ങളുടെ നാട്ടിലെ A ക്ലാസ്സ് കോഴിയായിരുന്നു ‘കോഴി സുകു’ എന്നറിയപ്പെട്ടിരുന്ന വടക്കുംമുറിസുകുമാരന്‍ .നല്ലൊരു മരാശാരിയായിരുന്ന ഇദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍മൂലം നാട്ടുകാര്‍ സുകുവേട്ടന് ‘കുഞ്ഞാലികുട്ടി’ എന്നൊരുപേരുകൂടിനല്‍കി ആദരിചിരുന്നു. കള്ളടി,കഞ്ചാവ്,കളവ്, ചീട്ടുകളി തുടങ്ങി മാന്യശീലങ്ങളൊന്നും അടുത്തോടെ പോകാത്ത ഈ പൊന്നുംകുടത്തിന്റെ ഏക വീക്കനസ്സും വിനോദവും പെണ്‍‌വര്‍ഗ്ഗമായിരുന്നത്രേ.



ത്രിശ്ശുരിലെ അതിപ്രശസ്തമായ ഗിരിജ, ചിലങ്ക, ശ്രീകൃഷ്ണ്ണ തുടങ്ങിയ A ക്ലാസ്സ് തിയ്യറ്ററുകളിലെല്ലാം സീസണ്‍ ടിക്കറ്റ് എടുത്തിരുന്ന (ഏതു ഷോയും ഏതു ദിവസവും എത്ര നേരവും കാണാമത്രേ) ഈ ചുള്ളനെ പേടിച്ച് നാട്ടിലെ പല മാന്യന്‍‌മാര്‍ക്കും ഒരുപാട് നല്ല സിനിമകള്‍ അവോയിഡ് ചെയ്യേണ്ടി വന്നിട്ടുണ്ട്. സ്ക്കൂളില്‍ അധികകാലം ചിലവഴിചിട്ടിലെങ്കിലും (ഉണ്ടായിരുന്നകാലത്തെ കഥകള്‍ പറയാതിരിക്കുകയാണ് ഭേദം), മരപണിയില്‍ അതിവൈദ്ധഗ്ദ്യമുള്ള ഈ ഗഡിക്ക് കൂടെ പണിക്കുവരുന്ന മാന്‍‌പേടകളെ വളക്കല്‍, സിനിമക്കു കോണ്ടുപോകല്‍, കുളിസീന്‍ ഒളിഞ്ഞുനിന്നു കാണല്‍, ബെഡ് റൂമ്മില്‍ എത്തിനോക്കല്‍ മുതലായ കലകളില്‍ മാസ്റ്റര്‍ ഡിഗ്രിയും, ഡോക്ടറേറ്റും ഉണ്ടായിരുന്നു.



വരന്തരപിള്ളി പൌണ്ട് ഭാഗത്ത് ഒരു ഗള്‍ഫുകാര്‍ന്റെ ഭാര്യയെ വളക്കാന്‍ ശ്രമിച്ചു പരാജയപെടുകയും, തോറ്റ വിഷമത്തില്‍ ആ പെണ്‍കുട്ടിയെകുറിച്ച് ഇല്ലാ കഥകളുണ്ടാക്കുകയും ചെയ്യ്‌ത വകയില്‍, ട്ടി പെണ്‍കുട്ടിയുടെ ഭര്‍ത്താവും ആങ്ങളമാരും എമര്‍ജന്‍സി ലീവില്‍ വരുകയും ഈ കഥാകാരനു ചില സമ്മാനങ്ങള്‍ നല്‍കി അംഗീകരിക്കുകയും ചെയ്യതതിനു ശേഷം സുകുവേട്ടന്‍ ഞങ്ങളുടെ സൈഡില്‍ ഒരു മാതിരി ഡീസ്ന്റായിരുന്നു.



എന്തോക്കെ തന്നെയായാലും വരന്തരപിള്ളിയിലെ പുതുപൂവാലതലമുറക്ക് സുകുവേട്ടന്‍ ഹീറോ തന്നെയായിരുന്നു. വളയുന്ന ജാതിയെ എങ്ങനെ സെലക്ട്ട് ചെയ്യാം, ആദ്യമായി എങ്ങനെ സിനിമക്കു വിളിക്കാം, തിരക്കുള്ള ബസില്‍ സ്പര്‍ശനസുഖം എങ്ങനെ നേടാം, അബ് പെരുന്നാളിന്റെയും പൂരത്തിന്റെയും തിരക്കില്‍ കൈപ്രയോഗങ്ങള്‍ നടത്തുന്നതെങ്ങനെ തുടങ്ങിയ മഹത്തായ പല അറിവുകളും യുവതലമുറ പഠിചത് ഈ ഗഡിയില്‍ നിന്നായിരുന്നു.



ആയിടക്ക്, വരന്തരപിള്ളിക്കടുത്തുള്ള മുപ്ലിയം ചെബുചിറ പൂരത്തിന്റെ രാത്രി കൂട്ടയെഴുന്നളിപ്പിന്റെ തിരക്കില്‍, ഏതോ പെണ്‍കുട്ടിയുടെ അടുത്തിടുത്ത കൈക്രിയ പാളുകയും, കൈയ്യോടെ പിടിച്ച ചുള്ളനെ അന്നാട്ടിലെ യൂത്തന്‍‌മാര്‍ ശരിക്കും ‘മെടയുകയുമുണ്ടായി’. കൂനില്‍‌മേല്‍ കുരുപ്പോലെ , പുതുക്കാട് സൈഡില്‍ ‍പണിക്കുപ്പോയവീട്ടിലെ വീട്ടമ്മ കുളിക്കുന്നത് എത്തിനോക്കിയെന്ന തെറ്റിദ്ധാരണയുടെ പുറത്ത് അവിടെ നിന്നും നല്ല ‘കിഴി’ കിട്ടിയത്രേ. തുടര്‍ച്ചയായ ഈ തിക്താനുഭവങ്ങള്‍ ഇദ്ദേഹത്തെ ഒന്നിരുത്തി ചിന്തിപ്പിക്കുകയും , സ്വന്തം നാട്ടില്‍ ഒരു സ്ഥിരം ‘കുറ്റി’ എന്ന ആശയത്തില്‍ എത്തിചേര്‍ത്തുകയുമുണ്ടായി.


ആശയസാക്ഷാതക്കാരത്തിന്റെ ഭാഗമായി, അയല്‍ക്കാരിയും വിധവയുമായ, ഒല്ലൂര് ഓട്ടുകബനിയില്‍ പണിക്കുപോകുന്ന ഗിരിജേച്ചിയ്യെ അപ്രോച്ച് ചെയ്തു തുടങ്ങിയ ഈ വൃത്തികെട്ടവന്‍, ഓട്ടുകബനി ഗേറ്റിനു പുറത്തും, ബസിലും, ഇടവഴിയിലുമെല്ലാം വെച്ച് ആ സാധുവിന്റെ സ്വയ്‌രം കെടുത്തിതുടങ്ങിയപ്പോഴാണ് ഒരു ശനിയാഴ്ച്ച രാത്രി പതിനൊന്നുമണിക്കു ശേഷം അടുക്കള വഴി വിസിറ്റിങ്ങ് അപ്പോയിന്‍‌മെന്‍‌റ്റ് കിട്ടിയത്.

മീശമാധവനിലെ ജഗതിയുടെ അതേ ആവേശത്തില്‍ മുണ്ടുപോക്കി തുടയുഴിഞ്ഞുവന്ന് വാതില്‍ കൊട്ടിയ സുകുവിന്റെ നല്ല ഭാഗത്തേക്ക്, കാത്തിരിക്കുകയായിരുന്ന ഗിരിജ്ജേച്ചി തിളച്ച എണ്ണയൊഴിക്കുകയായിരുന്നത്രേ. എന്തായാലും ആ രാത്രി എന്തോ പേടിപെടുത്തുന്ന കരച്ചില്‍ കേട്ടതിനാല്‍ വടക്കും‌മുറികാര്‍ക്ക് ഉറങ്ങാനെ കഴിഞ്ഞില്ല.പാലപ്പിള്ളി എസ്റ്റേറ്റില്‍ നിന്ന് പന്നി ഇറങ്ങി കിണറ്റില്‍ വീണിട്ടുണ്ടെന്ന് കരുതി പലരും കിണറും ചുറ്റുവട്ടമൊക്കെ ടോര്‍ച്ചടിചുനോക്കിയത്രേ.

പിറ്റേന്നാള്‍ പുലരുന്നതിനുമുന്‍പെ ‘കോട്ടക്കല്‍ ടിപ്പ് ടോപ്പ് ഫര്‍ണിച്ചറില്‍’ കിടിലന്‍ ഓഫറുണ്ടെന്ന് വീട്ടിലറിയിച്ച് കവച്ച് കവച്ച് നടന്ന് ‘കോഴി സുകു’ വരന്തരപിള്ളിയില്‍ നിന്ന് സ്ക്കൂട്ടായി.

അന്തസ്സും അഭിമാനവും തന്റേടവുമുള്ള പെണ്ണുങ്ങള്‍ ഞങ്ങളുടെ കരയിലുണ്ടെന്ന തിരിച്ചറിവ്, സുകുവിനെ കോട്ടക്കലില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു, ഇപ്പോഴും.................................................



Tuesday, July 14, 2009

ത്യാഗി

ജിസാനിലെ(തെക്കന്‍ സൌദി) ഞങ്ങള്‍ തൃശ്ശുര്‍ക്കാരുടെ കൂട്ടായ്മ്മയായിരുന്നു ‘തൃശ്ശൂര്‍ ജില്ലാ പ്രവാസി അസൊസിയേഷന്‍’ . ചാലക്കുടി, ഇരിങ്ങാലകുട, മാള, ത്രിശ്ശൂര്‍, കുന്ദകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി,കൊടുങ്ങല്ലൂര്‍,വരന്തരപ്പിള്ളി,ചാവക്കാട്, തൃപ്രയാര്‍ തുടങി എല്ലാ നാട്ടുരാജ്യങ്ങളില്‍ നിന്നുമുള്ള പ്രവാസിപൌരന്‍‌മാരും കക്ഷി രാഷ്‌ട്ട്രിയ ജാതി മതത്തിനതീതമായി നല്ല രീതിയില്‍ തമ്മില്‍ തല്ലി നടത്തികൊണ്ടുവന്നിരുന്ന പ്രസ്ഥാനം. വരിസംഖ്യ പിരിക്കല്‍, വിളിക്കുറി, പിരിച്ചകാശ് പലിശക്കു കൊടുക്കല്‍, ഭരണസമിതിയെ തെറി വിളിക്കല്‍, നാട്ടില്‍ തുടങ്ങാന്‍ പോകുന്ന ബിസിനസുകളെകുറിചുള്ള ചര്‍ച്ച തുടങിയ സ്ഥിരം കലാപരിപാടികള്‍ നടന്നിരുന്നത് എല്ലാ മാസത്തിലേയും രണ്ടാം വെള്ളിയാഴ്ചയായിരുന്നു.


സംഘടനയുടെ വാര്‍ഷികവും തിരുവോണവും ആഗസ്റ്റുമാസത്തിലായതിനാല്‍ ഇക്കുറിയും ഗംഭീര കലാപരിപാടികളും (LKG പിള്ളാരുടെ സിനിമാറ്റിക്ക് ഡാന്‍സ്, UKG ക്കാരുടെ ഗ്രൂപ്പ് സോങ്ങ്, ഒന്നാം ക്ലാസ്സുകാരന്റെ കഥ പറചില്‍, കസേര, സ്പ്പൂണ്‍ ഓട്ടങ്ങള്‍.......) തിരുവോണ സദ്യയും മാസവസാന വെള്ളിയാഴ്ച നടത്താന്‍ തീരുമാനിക്കുകയും അതിലേക്കായ് ഒരു ആഘോഷകമ്മിറ്റിയേയും തെരെഞ്ഞെടുക്കുകയുണ്ടയി. മാപ്രാണം നെടുമ്പാള്‍ സൈഡിലുള്ള ഒരു ജോണ്‍സേട്ടനായിരുന്നു കമ്മിറ്റി ചെയര്‍മ്മാന്‍. മാപ്രാണം പള്ളി പെരുന്നാളിന് അബ് അലബുണ്ടാക്കാതെ നടത്തിയ പരിചയമ്മാണ് ഈ നല്ല മനുഷ്യനെ ഇത്രയും വലിയ പദവി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.

ബീച്ചിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തിലായിരുന്നു കാര്യപരിപാടികളും സദ്യയും അറേന്‍ജ്ജ് ചെയ്തിരുന്നത്. ഓണഘോഷമാണെങ്കിലും, നടത്തുന്നത് സൌദിയിലാണെന്നും ആ ബോധം എല്ലാവര്‍ക്കും വേണമെന്നുമുള്ള പഴമക്കാരുടെ ചൊല്ലിനെ പുറംക്കാലിനടിച്ച് ആ വ്യാഴാഴ്ച്ച രാത്രി അര്‍മാദിക്കാന്‍ ഞങ്ങള്‍ തീരൂമാനിച്ചു. നാടന്‍ കല്യാ‍ണ വീടുകളെ ഓര്‍മ്മിപ്പിക്കുവിധം കറിക്കരിയല്‍, അച്ചാറിടല്‍, നാളികേരം ചിരകല്‍, പിഴിയല്‍, അടപ്രഥമനുള്ള അട അണിയല്‍ തുടങ്ങിയ ഗെയ്മുകള്‍ ഒരിടത്തു നടക്കുന്നു, മേലനങ്ങാന്‍ മടിയുള്ള ഒരു ഗ്രൂപ്പ് 28 കളിയുടെ ലഹരിയിലാണ്, കലാഭവന്‍ മണിയുടെ പാട്ട് കാസറ്റില്‍ കേട്ട് ചുവടുവെക്കുന്നു മറ്റൊരു ടീം.

ആഘോഷം ആര്‍ഭാടമാക്കനായി കന്യാകുമാരിക്കാരന്‍ മുരുകന്റെ ഡിസ്റ്റ്ലറിയില്‍ നിന്നെത്തിയ സ്കോച് ലാവീഷായതോടെ കലാഭവന്‍ മണിയുടെ പാട്ടു മാറി കൊടുങ്ങല്ലുര്‍ ഭരണിപാട്ടിന് കനം വെക്കുകയും തങ്ങള്‍ നില്‍ക്കുന്നത് സ്വരാജ് റൌണ്ടിലാണെന്നും തോന്നിയ സമയത്താണ് ബീച്ചീലൂടെ കാറ്റും കൊണ്ടുപ്പോയ രണ്ട് പോലീസൂകാര്‍ക്ക് അവിടെ കേറിയൊന്ന് നോക്കാന്‍ തോന്നിയതും ഗേറ്റ് തുറക്കാനുള്ള ബെല്ലടിച്ചതും.

ഗേറ്റ് തുറന്ന ബഷീറീന്റെ മുഖത്തു കണ്ട നവരസങളും അന്തരിക്ഷത്തില്‍ തത്തികളിക്കുന്ന നാരങ്ങവെള്ളത്തിന്റെ മണവും പോലിസുകാര്‍ക്ക്, അനിമല്‍ പ്ലാനറ്റില്‍ സീബ്രക്കൂട്ടത്തെ കണ്ട സിംഹത്തിന്റെ വഷളന്‍ ചിരി ഉണ്ടാക്കി.സിംഹങള്‍ അലറിചാടുന്നതിനു മുന്‍പെ ഓലന്‍, കാളന്‍, അവിയലിനേയും അനാഥരാക്കി പല സീബ്രകളും മതിലുചാടി, മറ്റുചിലര്‍ അംബസ്താനി കളിച്ച് ഒളിചിരുന്നു.

ഓടാന്‍ കഴിയാതിരുന്ന ഭാഗ്യവാന്‍‌മാര്‍ക്കാണ്, കേരളം,മഹാബലി, തിരുവോണം, കൂട്ടായ്മ തുടങിയ കഥകള്‍ പറയാനുള്ള പുണ്യം കിട്ടിയത്. കഥകള്‍ കേട്ട് രസിച്ച എമ്മാന്‍‌മാര്‍ പഷെ ‘കൊട്ടുവടി’ കാര്യത്തില്‍ മാത്രം ഒരു കോബ്രമൈയിസിനും തയ്യാറായില്ല. ഈ സാധനം ആര് വാറ്റി, ആര് കൊണ്ടുവന്നു, ആരൊക്കെ അകത്താക്കിയിട്ടുണ്ട് എന്ന കാര്യമാത്ര ചോദ്യങ്ങള്‍ക്കെലാം ഉത്തരം കിട്ടതെ വന്നപ്പോള്‍, എന്നാല്‍ എല്ലാവര്‍ക്കും ഓണസദ്യ ജയിലില്‍ ആകാമെന്ന് പറഞ് എമ്മാന്‍ ആട്ടിതെളി തുടങ്ങിയപ്പോഴാണ് ജോണ്‍സേട്ടനിലെ ത്യാഗിയുണര്‍ന്നത്.

മഹാബലി ചെയ്ത അതെ വിവരക്കേട്.


അങനെ എല്ലാ ത്രിശ്ശുകാര്‍ക്കും വേണ്ടി ആ പാപം(വാറ്റിയത് ഞാന്‍, കൊണ്ടുവന്നത് ഞാന്‍ , കുടിച്ചത് ഞാന്‍ ) ഏറ്റെടുത്ത് പൊലീസ്ജീപ്പിലിരുന്ന് പോകുമ്പോഴാണ് വരുംകാല പുകിലുകളെകുറിച്ച് ജോണ്‍സേട്ടന്‍ ശരിക്കും ആലോചിച്ചത്.സാധാരണ കേസുകളില്‍ മേലുനോവിക്കാത്ത സൌദി പോലിസിന് പക്ഷെ ചാരായത്തിന്റെ കാര്യത്തില്‍ ആ ദാഷ്യണ്യമൊന്നുമില്ല, നെറ്റ് വര്‍ക്കിന്റ്റെ അവസാനകണ്ണിയെ പിടിക്കും വരെ ഇടിക്കുമെന്നറിവുള്ള ആ പാവം തന്നിക്കു കിട്ടാന്‍ പോകൂന്ന ഇടികള്‍, മാപ്രാണം പെരുന്നാളിന്റെ വരവിന് കാത്തിരിക്കുന്ന റോസിയെയും പിള്ളാരെയും, വരാന്‍ പോകുന്ന മഹത്തായ ജയില്‍ വാസം തുടങിയവയെ കുറിച്ച് ആലോചിച്ചിരിക്കുബോഴാണ് ജീപ്പ് സഡന്‍ ബ്രക്കിട്ട് നിന്നത്. ഇടി ഇപ്പോ തന്നെ തൊടങ്ങൊ കര്‍ത്താവെന്ന് പേടിച്ച ജോണ്‍സേട്ടനെ നോക്കി ആ രണ്ടു നല്ല പോലീസുകാരും ശുദ്ധമായ അറബിയില്‍ ഇങനെ പറഞ്ഞത്രേ


ടോ മാപ്പളെ, കങ്കാരുമൊറാ,


ത്യാഗമാവാം പഷെ ഈ ജാതിയാവരുത്.....


പോ...പ്പോയി കിട്ടുമെങ്കില്‍ മല്ലനും മതേവനും കഥ വായിക്ക്...


പിറ്റേന്നാള്‍ ഓണസദ്യ ഗംഭീരമായി നടന്നു. ജോണ്‍സേട്ടനായിരുന്നു ഓലന്‍ വിളബിയത്.


Friday, July 3, 2009

സൌദി കഥകള്‍

ഇന്നും രാത്രി ബംഗാളിബഖാലയില്‍ നിന്ന് കുബൂസ് വാങി നടന്നു വരുമ്പൊള്‍, പതിവുപൊലെ ആ സൌദി ചെറുക്കന്‍ കല്ലെറിഞു. കുബൂസ് പരിചയാക്കിയതിനാല്‍ നല്ല ഭാഗത്തൊന്നും കേടുപറ്റിയില്ല.

ഓടിചെന്ന് അവന്റെ ചെകിളകിട്ട് പെടെക്കാന്‍ അറിയാഞിട്ടല്ല, അലെങ്കില്‍ ആ പൊന്നുംകുടത്തിന്റെ കൂബ്ബിനിട്ട് ചവിട്ടി, ചെവിക്കല്ല് പൊട്ടണ തെറിവിളിക്കനുമറിയാം.

എന്നാലുമൊരു വേണ്ടായ്മ്മ.....

ഇരുപത് ലക്ഷം ഇന്ത്യക്കാരുന്ണ്ടത്രെ സൌദിയില്‍, അതില്‍ മുക്കാലും മലയാളികള്‍. ഞാനായിട്ട് അവരുടെ ചോറ്റും പാത്രത്തില്‍ കുപ്പിചില്ല് വാരിയിടേണ്റ്റ്ന്നു വച്ചു.

അലെങ്കില്‍ കാണിച്ചു കൊടുക്കാമായിരുന്നു....ഹും...

നാളെ ഗല്ലി മാറി നടന്നു നൊക്കാം....

കളി എന്റെ അടുത്തു വേണ്ടടാ ചെക്കാ....