Friday, March 25, 2011

അനുജത്തിയും വീഗാലാന്റും

ഈ ജനുവരിയിൽ ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തിചേരുകയുണ്ടായി. ജനുവരി 25നായിരുന്നു പട്ടുസാരിയുടുത്ത്, കൈയ്യിൽ നിലവിളക്കുമായി, വലതൂകാൽ വച്ച് അനുജന്റെ നവവധുവായി ദീപ ഞങ്ങളുടെ ഫാമിലി മെബർഷിപ്പ് എടുക്കുന്നത്.

ഡീസന്റു കുട്ടിയായിരുന്നു ദീപ. കാലത്ത് നേരത്തെ എഴുന്നേൽക്കൽ, മിറ്റമടി, കട്ടൻ കാപ്പി വെക്കൽ,പുട്ടിന് പൊടി കൊഴക്കൽ, ഉപ്പേരിക്ക് കായ അരിയൽ തുടങ്ങിയ ടിപ്പിക്കൽ പെൺജോലികളെലാം വൃത്തിക്കും വെടുപ്പിനും ചെയ്യ്‌ത് അമ്മായിഅമ്മയുടെ പ്രീതി നേടിയെടുത്തു പുതിയ മരുമോള്. മീൻ വാഴയിലയിൽ പൊതിഞ്ഞ് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത് അതിൽ കുടംബുളി മസാല കയറ്റുന്ന പുതിയ കൂട്ടാൻ, ചീരെല കൊണ്ടുള്ള കട്ട്ലറ്റ്, ഞണ്ടു മസാല, പുഴമീനില് പച്ചമാങ്ങയിട്ട് നാളികേരപാലിൽ വെക്കണ മീങ്കൂട്ടാൻ തുടങ്ങി ഞങ്ങളുടെ കുടുംബകാർക്കറിയാത്ത അതിവിശിഷ്ട്ടമായ റെസിപ്പികൾ പുറത്തെടുത്ത് പിനീടങ്ങോട്ടുള്ള ദിവസങ്ങളിൽ അനുജത്തി അതിശയിപ്പിച്ചുകൊണ്ടിരുന്നു.


കാർന്നോർമാരെയും മൂത്തവരെയും ബഹുമാനിക്കുന്ന കൂട്ടത്തിലായിരുന്നു ദീപ. അച്ചന്റെയും ചേട്ടന്റെയും നേർക്കുനേർ വരാതിരിക്കാനും, ചാടികയറി സംസാരിക്കാതിരിക്കാനുമെല്ലാം ചുള്ളത്തി
ശ്രദ്ധിച്ചു കൊണ്ടിരുന്നു. ടിവി കാണാൻ എല്ലാവരും കുടുംബത്തോടെ സോഫയിലിരിക്കൂമ്പോൾ ഈ പൊന്നുകുടം മാത്രം താഴെ തറയിലിരുന്ന് തന്റെ വിനയം പ്രകടിപ്പിച്ചു. ഇതിങ്ങനെ പോയാൽ തന്റെ ലെവലിനു കോട്ടം തട്ടുമെന്ന തിരിച്ചറിവിൽ എന്റെ വീട്ടുകാരി ഉണർന്നു പ്രവർത്തിക്കുകയും പരിപ്പ് കുത്തികാച്ചൽ, പുലാവ്, ഉണക്ക മാന്തൾ വറുത്തെടുത്തുള്ള ചമ്മന്തി തുടങ്ങിയ ഓൾഡ് സ്റ്റോക്ക് പുറത്തെടുത്തെങ്കിലും പുതിയ താരത്തിനുമുൻപിൽ വിജയകരമായില്ല.

അന്നാളുകളിലൊരു ശനിയാഴ്ച്ച പുതുമൊടിക്കാരെയും കൂട്ടി ഞങ്ങൾ വീഗാലാന്റിൽ പോകുന്നു. റെയ്ഡുകളുടെയും ഗെയ്മുകളുടെയും ആഹ്ലാദത്തിന്റെയുമൊരു ലോകം. പണ്ടേ പേടിയുടെ അസുഖമുള്ളയാളാണ് ഞാൻ. എല്ലാവരും സാഹസിക ഐറ്റമ്മുകളിൽ തിമർക്കുമ്പോൾ, താരതമ്യേന റിസ്ക്കിലാത്ത ട്യൂബിൽ പിടിച്ച് നിലയുള്ള വെള്ളത്തിൽ കിടക്കുക, ചെറിയ വെള്ളചാട്ടത്തിന്റെ അടിയിൽ പോയിനിൽക്കുക, ഇലക്ക്ട്രിക്ക് കാർ ഓടിക്കുക എന്നിവയിലൊക്കെ തൃപ്തിപ്പെട്ടു ഞാൻ.
പല റെയ്ഡുകളിലും കയറിയിറങ്ങി ഈയടുത്തുമാത്രം വീഗാലാന്റിൽ ഓടിതുടങ്ങിയ പുതിയൊരു ഊഞ്ഞാലിനു മുൻപിലെത്തി ഞങ്ങൾ. ആ മൊതലിനെ കണ്ടതും ‘ഗുലുമാൽ’ എന്ന റാംജിറാവുവിലെ സോങ്ങ് ചെവിയിലടിക്കുകയും അപകടം മണക്കുകയും ചെയ്തതിനാൽ “മോളെ നോക്കി ഞാനിവിടെയെങ്ങാനും ഇരുന്നോളാം, നിങ്ങളു കയറികൊള്ളു” എന്നു പറഞ്ഞാണ് തടി ഊരിയെടുത്തത്.

കൊച്ചിന് ബിസ്ക്കറ്റും കൊടുത്ത്, നമ്മുടെയാളുകൾ ഊഞ്ഞാൽ കയറുന്നതും നോക്കി ഞാനവിടെയൊരു ബഞ്ചിൽ ചാരിയിരിക്കുകയായിരുന്നു. മോൾ വലിച്ചെറിഞ്ഞ ബിസ്ക്കറ്റ് എടുക്കാൻ പിന്നിലേക്ക് തിരിഞ്ഞപ്പോഴാണ് ഞാനാ കാഴ്ച്ച കാണുന്നത്. ഒരു 10-15 പേർ വെട്ടിയിട്ട വാഴപോലെ കിടക്കുന്നു , വെറും തറയിൽ. അനിമ്മൽ പ്ലാനറ്റിൽ, കടൽ കരയിൽ സീലുകൾ കിടക്കും പോലെ. കൌതുകത്തോടെ അടുത്തിരിക്കുന്ന ചേച്ചിയോട് അതിനെകുറിച്ച് ചോദിച്ചപ്പോൾ

“അതാ‌...... അത് കഴിഞ്ഞ ട്രിപ്പിൽ ആ ഊഞ്ഞാലിൽ കേറിയ ആൾക്കാരാണ്”

ഭഗവതിയേന്ന് വിളിച്ച് ഊഞ്ഞാലിലേക്ക് നോക്കുമ്പോഴെക്കും അത് ഓടിതുടങ്ങിയിരുന്നു. പിന്നെയൊരു പതിനഞ്ചു മിനുട്ട്. മെഷ്യൻ നിന്നു. ദിക്കുകളറിയാത്ത, സ്ഥലകാലബോധമില്ലാത്ത, ശുന്യാകാശത്താണെന്ന നിലയിൽ കുറെ മനുഷ്യരതിൽ നിന്ന് ഇറങ്ങി. ഞാനെന്റെ കൂട്ടരെ നോക്കിയിരിക്കുകയായിരുന്നു. വസന്ത പിടിച്ച കോഴികളെ പോലെ ആടിയാടി വന്ന ആ കൂട്ടത്തിലെ നാണക്കാരിയും എന്റെ മുഖത്ത് നോക്കി സംസാരിക്കാത്തവളുമായ എന്റെ പൊന്നന്നിയത്തി ഒരു മടിയും കുടാതെ ധൃതിയിൽ പറയുന്നു


“ചേട്ടാ.....”
“എന്തു രസം....എന്തു രസം...”
“അടുത്ത ട്രിപ്പിൽ ഒന്ന് കേറ് ”

***********************************

22 comments:

പട്ടേപ്പാടം റാംജി said...

ശരിക്കും അത്തരം ഒരവസ്ഥ ഉണ്ടാകുമോ അതില്‍ കയറിക്കഴിഞ്ഞാല്‍? അനിയത്തി പറഞ്ഞത്‌ ശരിക്കും പറഞ്ഞതാണോ അതോ ആളാവാന്‍ വേണ്ടി പറഞ്ഞതാണോ.
പിന്നെ വായിച്ചപ്പോള്‍ ശരിക്കും അനുഭവിക്കുന്നത് പോലെ തോന്നി. അതാ എഴുത്തിന്റെ രീതി ആയിരുന്നു.
എന്തേ ഇത്രേം വൈകി ഒരു പോസ്റ്റ്‌?
ആശംസകള്‍.

രഘുനാഥന്‍ said...

ഹ ഹ രസകരമായ എഴുത്ത്...

ശ്രീ said...

അനിയത്തി അപ്പോഴത്തെ ആ സന്തോഷം കൊണ്ട് ആ ത്രില്ലില്‍ പറഞ്ഞതായിരിയ്ക്കും :)

Naushu said...

രസകരമായ എഴുത്ത്...

Rare Rose said...

:D
ആ കടല്‍ക്കരയില്‍ സീലുകള്‍ കിടക്കണ ഉപമ മനസ്സിലോര്‍ത്ത് ശരിക്കും ചിരി വന്നു.ആ വഴിയൊന്നും ഞാന്‍ പോകാത്തതെത്ര നന്നായി.:)

Typist | എഴുത്തുകാരി said...

എന്നിട്ട് പേടിരോഗമുള്ള ചേട്ടൻ അടുത്ത ട്രിപ്പിലൊന്നു കേറി നോക്കിയോ?

ആർദ്ര ആസാദ് said...

റാംജി: നുണ പറഞ്ഞതല്ല. നമ്മുടെ ടീം അന്നു മുഴുവൻ കഞ്ചാവടിച്ച പോലെയായിരുന്നു. കൊച്ചു കൊച്ചു തിരക്കുകൾ കാരണം പുതിയ പോസ്റ്റ് വൈകി. അഭിപ്രായത്തിനു നന്ദി.

രഘുനാഥൻ: അഭിപ്രായത്തിനു നന്ദി.

ശ്രീ: തങ്ങളെന്തായാലും നനഞ്ഞു. പേടിതൊണ്ടൻ ചേട്ടനും അതൊന്ന് അനുഭവിച്ചോട്ടെയെന്നും കരുതികാണും അനുജത്തി.

നൌഷാദ്:അഭിപ്രായത്തിനു നന്ദി

Rare Rose: ആ വഴിക്കൊന്നും പോകാതിരിക്കുന്നതാണ് നല്ലത്.

എഴുത്തുകാരി: പിന്നെ...... എന്റെ പട്ടി കേറും....

Suvis said...

പണ്ടു എന്‍ ഐ ഐ ടി യില്‍ പഠിച്ചിരുന്നപ്പോള്‍ ഞങ്ങളുടെ ബാച്ചിലെ എല്ലാവരും കൂടി വീഗാ ലാണ്റ്റില്‍ പോയി.. ഇതു പോലെയുള്ള കുഴപ്പം പിടിച്ച റൈഡുകളിലെ കറക്കം കഴിഞ്ഞിറങ്ങുമ്പോള്‍ കൂട്ടത്തിലെ ഒരു പയ്യന്‍ മാത്രം ഉറക്കെ കയ്യടിച്ചു കൊണ്ടു പറയും.."ഹായ്‌ ..എന്തു രസമായിരുന്നു അല്ലേ..?" കയ്യടിയ്ക്കുന്നതിനു പിന്നിലെ ഗുട്ടന്‍സ്‌ പിന്നീടാണു എല്ലാവര്‍ക്കും പിടികിട്ടിയത്‌.. പേടിച്ചു കൈയും കാലുമെല്ലാം വിറയ്ക്കുന്നതു മറ്റുള്ളവര്‍ അറിയാതിരിയ്ക്കാനായിരുന്നു കയ്യടി,,

ishaqh ഇസ്‌ഹാക് said...

നല്ലവായനക്കനുയോജ്യമായ വിവരണം..
ഇഷ്ടമായി.

khader patteppadam said...

കാലം കുറെയായല്ലൊ കണ്ടിട്ട്‌. എന്തായാലും വരവ്‌ ഊഞ്ഞാലില്‍ത്തന്നെയായത്‌ നന്നായി. ഇനി മുങ്ങുകില്ലല്ലൊ.

ആസാദ്‌ said...

ജീവിതത്തില്‍ രണ്ടേ രണ്ടു പ്രാവിശ്യമാണ് ഞാന്‍ ഈ കട്ടപ്പോകയില്‍ കേറിയിട്ടുള്ളത്.. അനുഭവിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.. ഇപ്പോള്‍ ദാ ഈ പോസ്റ്റു വായിച്ചപ്പോള്‍ ഓര്‍ത്തിട്ടെനിക്ക് രോമാഞ്ചമുണ്ടാവുന്നു... ആദ്യമായാണിവിടെ.. നന്നായിട്ടുണ്ട്...

വീകെ said...

ഞാനും പോയിരുന്നൂട്ടൊ അവിടെ.....
പക്ഷേ, ഈവക ഊഞ്ഞാലിലൊന്നും ഞാൻ കയറാൻ കൂട്ടാക്കിയില്ല...
ഇതൊക്കെ ഈ പിള്ളേർക്ക് പറ്റിയ കളികളാന്നേ...!!

വിഷു ആശംസകൾ...

SunilKumar Elamkulam Muthukurussi said...

അമ്മാത്തേക്ക് എത്ര ദൂരണ്ട് ഇനി? :)
മീറ്റും ഈറ്റും ഒക്കെ സുഖായിയോ?

kambarRm said...

ഹ..ഹ..ഹ
രസികൻ അവതരണം..
ഞാനും കേറിയിരുന്നു ഒരിക്കൽ വീഗാലാന്റിലെ കറങ്ങുന്ന ഊഞ്ഞാലിൽ..
എന്റമ്മോ,,.അതൊന്നും പറയാ‍തിരിക്കുവാ ഭേദം..
ആശംസകൾ

Najim Kochukalunk said...

വന്നു. വായിച്ചു. നന്നായിട്ടുണ്ട്. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.

Lipi Ranju said...

ഇത് പോലെ മര്യാദയ്ക്ക് മാറി ഇരുന്ന എന്നോട് ഞങ്ങളുടെ കൂടെ ട്രിപ്പിനു വന്ന എല്ലാവരും
പറഞ്ഞു "ഇതില്‍ കേറിയില്ലെങ്കില്‍ വേറെ
എന്തില്‍ ഒക്കെ കേറിയാലും കാര്യമില്ല, അത്ര കിടിലം സംഭവം ആണ്" എന്ന്...
അങ്ങനിപ്പോ ഒരാള്‍ മാത്രം രക്ഷപ്പെടണ്ട എന്ന ചിന്തയാണ് അതിനു പിന്നെലെന്ന് , അതില്‍ ഇരുന്നു അവരൊക്കെ അലറി കരഞ്ഞത് കേട്ടതുകൊണ്ട് എനിക്കു മനസിലായി.
ഇതു വായിച്ചപ്പോള്‍ ആ സംഭവം ഓര്‍ത്തു.
എഴുത്തു ഇഷ്ടായി... :)

അബ്ബാസ്‌ നസീര്‍ said...

കൊള്ളാം ...രസകരം ...നന്നയിട്ടുണ്ട്

ശങ്കരനാരായണന്‍ മലപ്പുറം said...

അങ്ങനെയോ?

Villagemaan/വില്ലേജ്മാന്‍ said...

നന്നായി ചിരിപ്പിച്ചു..

കഴിഞ്ഞ തവണ വീഗലാണ്ടില്‍ കയറിയ കഥ ഒന്ന് പോസ്ടനുള്ള പരിപാടി ഞാന്‍ ഉപേക്ഷിച്ചു !

എനിവേ ..ആശംസകള്‍..

Satheesh Haripad said...

നന്നായി എഴുതി..വായിച്ചു കഴിഞ്ഞപ്പോൾ എനിക്കും തോന്നിയത് -“എന്തു രസം....എന്തു രസം...”

ആശംസകൾ
satheeshharipad.blogspot.com

SruthyShine said...

aeniku nannayi eshtapettu :)
aa santhosham niranja yatrayil njanum avarodopam unddayirunnapole thonni.
athramel aswaadhichu vayichu

സുധി അറയ്ക്കൽ said...

നല്ല പോസ്റ്റ്‌.ഇഷ്ടായി.എഴുത്ത്‌ മറന്നു അല്ലേ????