Tuesday, September 22, 2009

പല്ലന്‍ അശോകന്‍

വരന്തരപ്പിള്ളിയിലെ വന്‍ പുലി മഞ്ഞളി ജോസേട്ടന്റെ “മേരിമാത” ലോറിയിലെ കിളിയായിരുന്നപ്പോള്‍ ആശോകന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആരുമായിരുന്നില്ല. ആയിരത്തിന് 30 രൂപ ബാറ്റ കാശ് കിട്ടുന്ന വെറുമൊരു കിളി. ജോസേട്ടന്‍ ആയിടക്ക് ഭാരതപുഴ മണലോട്ടവും പൊറുത്തുശ്ശേരി കട്ട ഓട്ടവും നിറുത്തി ആലുവയിലുള്ള വളം കമ്പനിക്കുവേണ്ടി എല്ലുംകുഴിയോട്ടം പിടിച്ച് ബിസിനസ്സ് പൊലിപ്പിച്ച കാലം.
ആശാനും ഡ്രൈവറുമായ പൊറുഞ്ചുവേട്ടന്റെ വാത്സല്യത്തോടെയുള്ള, മിനുട്ടുക്ക് മിനുട്ടിനുള്ള തന്തക്കു വിളിയും, എല്ലുംകുഴി ട്രിപ്പിനുപോയി വന്ന് വണ്ടി കഴുകി കഞ്ഞി കുടിക്കാനിരുന്നാല്‍ ലോറിയില്‍ കണ്ട സുന്ദരന്‍ പുഴുക്കള്‍ കഞ്ഞിയില്‍ കിടന്ന് കളിക്കുന്നുവെന്ന് തോന്നുകയും ഇങ്ങനെ ഡെയ്‌ലി അത്താഴം മുടങ്ങുകയും ചെയ്യതപ്പോഴാണ് അശോകന്‍ “മേരിമാതയോട് ” റ്റാറ്റ പറഞ്ഞത്.

സമയം മോശമായിരുന്നില്ല. ഖത്തറിലേക്കുള്ള ഒരു ഡ്രൈവര്‍ വിസ കാത്തിരിക്കുകയായിരുന്നു അശോകനെ. പൊറിഞ്ചുവേട്ടന്റെ പൂ..... കൂ.... വിളികള്‍ കേട്ടുപതംവന്ന കാതുമായി അറബിതെറികള്‍ക്കും മല്ല് പണികള്‍ക്കും മുന്നില്‍ തളരാതെ കുറച്ചു വര്‍ഷങ്ങള്‍.

ആറുകൊല്ലത്തിനുശേഷം ഒരുപാടുമാറ്റങ്ങളും ഒത്തിരി കാശുമായി അശോകനെത്തിയപ്പോഴും വരന്തരപ്പിള്ളികാര്‍ക്ക് വലിയ മൈന്‍ഡൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നാട്ടില്‍ ലാന്‍ഡ് ചെയ്യത് ഒന്നൊന്നര മാസത്തിനുള്ളില്‍ ഒരു ടിപ്പറും JCB യും വാങ്ങുകയും മുപ്ലിയം നന്തിപുലം സൈഡില്‍ ഒരേക്കര്‍ സ്ഥലത്തിന് അച്ചാരം കൊടുത്തപ്പോഴാണ് ഇത് പഴയ കിളി അശോകനല്ലെന്ന് നാട്ടുകാര്‍ മനസ്സിലാക്കുന്നത്. കുശുമ്പിന് കുറവില്ലാത്ത വരന്തരപ്പിള്ളിക്കാര്‍ , ഇവനോടിച്ച വണ്ടി മറിച്ച് വിറ്റ് മുങ്ങിയാതാകാമെന്നും അല്ലെങ്കില്‍ ഏതെങ്കിലും അറബിയുടെ പോക്കറ്റടിച്ച് സ്ക്കുട്ടയതാവമെന്നുമുള്ള കഥകളുണ്ടാക്കി സമാധാനപ്പെട്ടു.

ചെമ്മണ്ണൂര്‍, മഞ്ഞളീസ്, കുന്നികുരുവില്‍ തുടങ്ങിയ പാരമ്പര്യ പണക്കാരെ മാത്രം ആദരിച്ചിട്ടുള്ള ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഈ പുത്തന്‍ പണക്കാരനെ അംഗീകരിക്കാന്‍ മടിയായിരുന്നു.

അന്നാളുകളിലായിരുന്നു വരാക്കര പൂരത്തിന് കൊടിയേറിയത്. ആ പ്രാവശ്യമെങ്കിലും കണ്ടമ്പുള്ളി ബാലനാരയാണനെ (എഷ്യയിലെ ഏറ്റവും ഉയരം കൂടിയ നാട്ടാന, വര്‍ഷങ്ങള്‍ക്കുമുബ് ചരിഞ്ഞു) വടക്കും‌മുറി പൂരസെറ്റില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ യൂത്തന്‍മാര്‍ ആഗ്രഹിച്ചിരുന്ന സമയം. മണ്ണം‌പെട്ട, പൂക്കോട് ടീംമ്മൂകളോട് കഴിഞ്ഞ വര്‍ഷത്തെ കെറു തീര്‍ക്കാനൊരവസരം.

പക്ഷെ വടക്കും‌മുറി പൂരസെറ്റിന്റെ കമ്മിറ്റിക്കാരായ കിളവന്‍‌മാര്‍ ഭയങ്കര
അര്‍ക്കീസുകളായിരുന്നു. ഈ ആനക്ക് ഏക്കം കൂടുതലാണെന്നും ആ കാശിന് വേറെ രണ്ടാനകളെ എഴുന്നുള്ളിക്കാമെന്ന് പറഞ്ഞ് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് രക്ഷകനായി അശോകന്‍ അവതരിക്കുന്നത്. പണം പോയി പവ്വറ് വരട്ടെയെന്ന പോളിസിയില്‍ അങ്ങനെ കണ്ടമ്പുള്ളി ബാലനാരായണന്‍ അക്കുറി വടക്കും‌മുറി പൂരസെറ്റിലെത്തി. കിളി അശോകന്‍ ഞങ്ങള്‍ക്ക് ‘പല്ലന്‍ അശോകേട്ടനായി’ മാറുകയായിരുന്നു.


അങ്ങനെ ഗംഭീരമായ പൂരംനാളില്‍ രാത്രി എഴുന്നുള്ളിപ്പിനായ് അബലത്തിലേക്ക് നീങ്ങുകയായിരുന്നു വടക്കും‌മുറിക്കാരുടെ സെറ്റ്. മുന്നില്‍ പീലിക്കാവടി, പൂക്കാവടി, താളത്തിന് കോവ്വൈ ബ്രദ്ദേര്‍സ്സിന്റെ നാദസ്വരം, അതിനുപിന്നില്‍ ശിങ്കാരിമേളം. ഉയരത്തില്‍ കേമ്മനങ്കെലും സ്വഭാവം മഹാ വെടക്കായ കണ്ടമ്പുള്ളി കൂച്ചുവിലങ്ങിട്ട് മന്ദം‌മന്ദം ഏറ്റവും ഒടുവില്‍.

വന്‍‌തുക മുടക്കി ആനയെ കൊണ്ടുവന്ന ഗമയില്‍, ഒന്നൊന്നര ഹണി ബീ യുടെ ബലത്തില്‍ പൂരം മുന്നില്‍‌നിന്നു നയിക്കുകയായിരുന്ന അശോകേട്ടന് ആ സമയത്തൊരു ഉള്‍വിളി. കോവ്വൈ ബ്രദ്ദേര്‍സ്സിനെകൊണ്ട് “ഹരിമുരളിരവം” വായിപ്പിക്കണം.

“ അണ്ണാ കാവടിക്കിത് സ്യൂട്ടാവത്” യെന്നുപറഞ്ഞ തമ്മിഴനെ ഒറ്റചവിട്ടായിരുന്നു. “പന്ന പൂ.... മോന്നെ ഹരിമുരളിരവം വായിക്കാതെ ഒരടി അനങ്ങില്ല നീ....”

കാവടിയാട്ടം നിന്നു, ശിങ്കാരിമേളക്കാര്‍ കൊട്ടവസാനിപ്പിച്ചു. പൂരത്തിനിടക്ക് അലമ്പുണ്ടാകുന്നെന്നറിവില്‍ സ്ത്രീ ജനങ്ങള്‍ സ്ക്കൂട്ടായി. വീരശൂരഗജപോക്കിരി കണ്ടമ്പുള്ളി പോലും പട്ട നിലത്തിട്ട് ചെവി വട്ടം പിടിച്ചുനിന്നു. പൂരം അലമ്പായെങ്കിലും ആ രാത്രി പുലര്‍ന്നതോടെ വരന്തരപിള്ളിക്കാര്‍ പല്ലന്‍ അശോകേട്ടനെ ബഹുമാനിക്കാന്‍ പഠിച്ചുതുടങ്ങിയിരുന്നു.

പിന്നെയങ്ങോട്ട് വീരകഥകള്‍ മാത്രമായിരുന്നു. JCB യുടെ കിളി ചെക്കന്റെ മോറിന് ഗ്രീസ്സ് വെച്ച കൈകോണ്ടൊരു പൊത്ത്, തൃശ്ശുര്‍ പാലപ്പിള്ളി റൂട്ടിലെ ആശ ബസിന്റെ ഡ്രൈവര്‍ ഷിബുവിനെ പള്ളിക്കുന്നത്തിട്ട് പൂശീയത്, ഗോവേന്ത പള്ളിയിലെ അബ് പെരുന്നാളിന് ട്വിസ്റ്റ് അടിച്ച് പെണ്ണുങ്ങളെ ടച്ച് ചെയ്യ്‌ത പൂവാലന്‍‌മാരെ എടുത്തിട്ടടിച്ചത് തുടങ്ങിയ എണ്ണം പറഞ്ഞ വീരകഥകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ല . മരകമ്പനിയും കട്ടപാടവും വാങ്ങി തന്റെ അസറ്റ് വര്‍ദ്ധിപ്പിചുകൊണ്ടിരുന്ന അക്കാലത്ത് സില്‍ബന്ദികളും മൂടുതാങ്ങികളും പല്ലനെ പൊക്കി പൊക്കി SNDP യൂണിയന്‍ നേതാവാക്കുകയും നാട്ടിലെ ഒരു ഫിഗറാക്കുകയും ചെയ്യ്‌തു.

മേട്ടയും പ്രമാണിയുമായി അശോകേട്ടന്‍ വളരുകയായിരുന്നു.

അന്നാളുകളില്‍, വേലുപ്പാടം പുല്‍ക്കണ്ണിയെന്ന സ്ഥലത്തുനിന്ന് കല്ലൂര്‍ ഭാഗത്തേക്ക് പുതിയൊരു വഴിവെട്ടുകയായിരുന്നു അന്നാട്ടുകാര്‍. സ്ഥലമെടുപ്പുണ്ടാകുബോള്‍ തര്‍ക്കങ്ങളുണ്ടാകുന്നത് സ്വഭാവികം. അത്തരമൊരു തര്‍ക്കത്തിന് മദ്ധ്യസ്ഥം പറയാനെത്തിയതായിരുന്നു അശോകേട്ടന്‍. വന്ന പ്രമാണിയുടെ വമ്പത്തം അറിയാതെ കലിച്ചുവന്നൊരു ചെല്ലിചെക്കനെ പൊറിഞ്ചുവേട്ടന്‍ സ്റ്റൈലില്‍ തന്തക്കു വിളിച്ചത് ഓര്‍മ്മയുണ്ട് അശോകേട്ടന്. ചെകിളക്കുള്ള വീക്കും ചങ്കിനുള്ള ചവിട്ടും അത്രക്ക് ഈണത്തിലായിരുന്നു.

താന്‍ തല്ലിയത് പല്ലന്‍ അശോകനെയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ധൈര്യം ചോര്‍ന്ന, സൌദിയില്‍നിന്ന് ലീവിന് വന്ന മുജീബിനെ വീട്ടുകാര്‍ കോടാലി കൊടകര വഴി ചാലകുടിയിലേക്ക് കടത്തി അപ്പോള്‍ തന്നെ.

അല്‍‌പ്പസമയത്തിനകം അങ്ങാടിയില്‍ ഒട്ടോറിക്ഷകളും ബൈക്കുകളും പരക്കം പായുകയും മറ്റൊരു ജീപ്പില്‍ അശോകേട്ടനും ടീമ്മും ചാലകുടിക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മുജീബിന്റെ തല ഇന്ന് നിലത്തുരുളുമെന്ന വാര്‍ത്ത വന്നതിനുശേഷം ഞങ്ങളെ പോലുള്ള ചിന്ന പയ്യന്‍മാരുടെ ഫസ്റ്റ്-സെക്കന്‍ഡ് ഷോകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുകയും വീട്ടില്‍ നിന്നെറങ്ങിയാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്നുള്ള കാര്‍ന്നോര്‍‌മാരുടെ ഉത്തരവിറങ്ങുകയും ചെയ്യ്‌തു.

പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. പുതുക്കാട് ഹൈവെ റ്റവ്വര്‍ ബാറില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് ടീം അംഗങ്ങളോട് അശോകേട്ടന്‍ പറഞ്ഞത്രേ

“ നടന്നതു നടന്നു”

“ഇനി ചാലകുടിയിലെ കാക്കന്‍‌മാരുടെ ഇടികൂടി വാങ്ങിക്കേണ്ട”

“നമ്മളിപ്പോ സീജി തിയ്യറ്ററില്‍ “കിന്നാരതുമ്പികള്‍” കാണാന്‍ കയറും”

“ പക്ഷെ വരന്തരപ്പിള്ളിക്കാരറിയ്യേണ്ടത് നമ്മള്‍ ചാലകുടി മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ചെക്കനെ കിട്ടിയില്ലെന്നും കൈയ്യില്‍ കുടുങ്ങിയിരുന്നെങ്കില്‍ തുണ്ടം തുണ്ടമാക്കിയേനെന്നും”

രാത്രിയോടെ സിനിമകണ്ടു തിരിച്ചെത്തിയ സംഘത്തില്‍ ആത്മാഭിമാനമുള്ള രണ്ടു ചെറുഗുണ്ടകളുണ്ടായിരുന്നു. പല്ലന്റെ ടീം‌മില്‍ നിന്ന് റിസൈന്‍ ചെയ്യ്‌ത അവരാണ് ഈ കഥ വരന്തരപ്പിള്ളിക്കാരോട് പറഞ്ഞത്.


പല്ലന്‍ അശോകന്‍ ക്ഷീണത്തിലാണ്. അടുത്ത വരാക്കര പൂരത്തിന് കൊവ്വൈ ബ്രദ്ദേര്‍സ്സിനെ കൊണ്ടുവരണം. ഹരിമുരളിരവം പാടിക്കണം. പഴയ പേരു വീണ്ടെടുക്കണം. വരാക്കര ഭഗവതി സഹായിക്കട്ടെ...........................