Friday, March 25, 2011

അനുജത്തിയും വീഗാലാന്റും

ഈ ജനുവരിയിൽ ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അംഗം കൂടി എത്തിചേരുകയുണ്ടായി. ജനുവരി 25നായിരുന്നു പട്ടുസാരിയുടുത്ത്, കൈയ്യിൽ നിലവിളക്കുമായി, വലതൂകാൽ വച്ച് അനുജന്റെ നവവധുവായി ദീപ ഞങ്ങളുടെ ഫാമിലി മെബർഷിപ്പ് എടുക്കുന്നത്.

ഡീസന്റു കുട്ടിയായിരുന്നു ദീപ. കാലത്ത് നേരത്തെ എഴുന്നേൽക്കൽ, മിറ്റമടി, കട്ടൻ കാപ്പി വെക്കൽ,പുട്ടിന് പൊടി കൊഴക്കൽ, ഉപ്പേരിക്ക് കായ അരിയൽ തുടങ്ങിയ ടിപ്പിക്കൽ പെൺജോലികളെലാം വൃത്തിക്കും വെടുപ്പിനും ചെയ്യ്‌ത് അമ്മായിഅമ്മയുടെ പ്രീതി നേടിയെടുത്തു പുതിയ മരുമോള്. മീൻ വാഴയിലയിൽ പൊതിഞ്ഞ് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത് അതിൽ കുടംബുളി മസാല കയറ്റുന്ന പുതിയ കൂട്ടാൻ, ചീരെല കൊണ്ടുള്ള കട്ട്ലറ്റ്, ഞണ്ടു മസാല, പുഴമീനില് പച്ചമാങ്ങയിട്ട് നാളികേരപാലിൽ വെക്കണ മീങ്കൂട്ടാൻ തുടങ്ങി ഞങ്ങളുടെ കുടുംബകാർക്കറിയാത്ത അതിവിശിഷ്ട്ടമായ റെസിപ്പികൾ പുറത്തെടുത്ത് പിനീടങ്ങോട്ടുള്ള ദിവസങ്ങളിൽ അനുജത്തി അതിശയിപ്പിച്ചുകൊണ്ടിരുന്നു.


കാർന്നോർമാരെയും മൂത്തവരെയും ബഹുമാനിക്കുന്ന കൂട്ടത്തിലായിരുന്നു ദീപ. അച്ചന്റെയും ചേട്ടന്റെയും നേർക്കുനേർ വരാതിരിക്കാനും, ചാടികയറി സംസാരിക്കാതിരിക്കാനുമെല്ലാം ചുള്ളത്തി
ശ്രദ്ധിച്ചു കൊണ്ടിരുന്നു. ടിവി കാണാൻ എല്ലാവരും കുടുംബത്തോടെ സോഫയിലിരിക്കൂമ്പോൾ ഈ പൊന്നുകുടം മാത്രം താഴെ തറയിലിരുന്ന് തന്റെ വിനയം പ്രകടിപ്പിച്ചു. ഇതിങ്ങനെ പോയാൽ തന്റെ ലെവലിനു കോട്ടം തട്ടുമെന്ന തിരിച്ചറിവിൽ എന്റെ വീട്ടുകാരി ഉണർന്നു പ്രവർത്തിക്കുകയും പരിപ്പ് കുത്തികാച്ചൽ, പുലാവ്, ഉണക്ക മാന്തൾ വറുത്തെടുത്തുള്ള ചമ്മന്തി തുടങ്ങിയ ഓൾഡ് സ്റ്റോക്ക് പുറത്തെടുത്തെങ്കിലും പുതിയ താരത്തിനുമുൻപിൽ വിജയകരമായില്ല.

അന്നാളുകളിലൊരു ശനിയാഴ്ച്ച പുതുമൊടിക്കാരെയും കൂട്ടി ഞങ്ങൾ വീഗാലാന്റിൽ പോകുന്നു. റെയ്ഡുകളുടെയും ഗെയ്മുകളുടെയും ആഹ്ലാദത്തിന്റെയുമൊരു ലോകം. പണ്ടേ പേടിയുടെ അസുഖമുള്ളയാളാണ് ഞാൻ. എല്ലാവരും സാഹസിക ഐറ്റമ്മുകളിൽ തിമർക്കുമ്പോൾ, താരതമ്യേന റിസ്ക്കിലാത്ത ട്യൂബിൽ പിടിച്ച് നിലയുള്ള വെള്ളത്തിൽ കിടക്കുക, ചെറിയ വെള്ളചാട്ടത്തിന്റെ അടിയിൽ പോയിനിൽക്കുക, ഇലക്ക്ട്രിക്ക് കാർ ഓടിക്കുക എന്നിവയിലൊക്കെ തൃപ്തിപ്പെട്ടു ഞാൻ.
പല റെയ്ഡുകളിലും കയറിയിറങ്ങി ഈയടുത്തുമാത്രം വീഗാലാന്റിൽ ഓടിതുടങ്ങിയ പുതിയൊരു ഊഞ്ഞാലിനു മുൻപിലെത്തി ഞങ്ങൾ. ആ മൊതലിനെ കണ്ടതും ‘ഗുലുമാൽ’ എന്ന റാംജിറാവുവിലെ സോങ്ങ് ചെവിയിലടിക്കുകയും അപകടം മണക്കുകയും ചെയ്തതിനാൽ “മോളെ നോക്കി ഞാനിവിടെയെങ്ങാനും ഇരുന്നോളാം, നിങ്ങളു കയറികൊള്ളു” എന്നു പറഞ്ഞാണ് തടി ഊരിയെടുത്തത്.

കൊച്ചിന് ബിസ്ക്കറ്റും കൊടുത്ത്, നമ്മുടെയാളുകൾ ഊഞ്ഞാൽ കയറുന്നതും നോക്കി ഞാനവിടെയൊരു ബഞ്ചിൽ ചാരിയിരിക്കുകയായിരുന്നു. മോൾ വലിച്ചെറിഞ്ഞ ബിസ്ക്കറ്റ് എടുക്കാൻ പിന്നിലേക്ക് തിരിഞ്ഞപ്പോഴാണ് ഞാനാ കാഴ്ച്ച കാണുന്നത്. ഒരു 10-15 പേർ വെട്ടിയിട്ട വാഴപോലെ കിടക്കുന്നു , വെറും തറയിൽ. അനിമ്മൽ പ്ലാനറ്റിൽ, കടൽ കരയിൽ സീലുകൾ കിടക്കും പോലെ. കൌതുകത്തോടെ അടുത്തിരിക്കുന്ന ചേച്ചിയോട് അതിനെകുറിച്ച് ചോദിച്ചപ്പോൾ

“അതാ‌...... അത് കഴിഞ്ഞ ട്രിപ്പിൽ ആ ഊഞ്ഞാലിൽ കേറിയ ആൾക്കാരാണ്”

ഭഗവതിയേന്ന് വിളിച്ച് ഊഞ്ഞാലിലേക്ക് നോക്കുമ്പോഴെക്കും അത് ഓടിതുടങ്ങിയിരുന്നു. പിന്നെയൊരു പതിനഞ്ചു മിനുട്ട്. മെഷ്യൻ നിന്നു. ദിക്കുകളറിയാത്ത, സ്ഥലകാലബോധമില്ലാത്ത, ശുന്യാകാശത്താണെന്ന നിലയിൽ കുറെ മനുഷ്യരതിൽ നിന്ന് ഇറങ്ങി. ഞാനെന്റെ കൂട്ടരെ നോക്കിയിരിക്കുകയായിരുന്നു. വസന്ത പിടിച്ച കോഴികളെ പോലെ ആടിയാടി വന്ന ആ കൂട്ടത്തിലെ നാണക്കാരിയും എന്റെ മുഖത്ത് നോക്കി സംസാരിക്കാത്തവളുമായ എന്റെ പൊന്നന്നിയത്തി ഒരു മടിയും കുടാതെ ധൃതിയിൽ പറയുന്നു


“ചേട്ടാ.....”
“എന്തു രസം....എന്തു രസം...”
“അടുത്ത ട്രിപ്പിൽ ഒന്ന് കേറ് ”

***********************************