Monday, February 15, 2010

എറപ്പായേട്ടന്‍

വരന്തരപിള്ളി അങ്ങാടിയില്‍ നിന്ന് വടക്കും‌മുറിയിലേക്ക് തിരിയുന്ന വഴിയില്‍, പാല്‍ സൊസൈറ്റിക്ക് പിന്നിലായി ഒരു എറപ്പായേട്ടന്‍ താമസിച്ചിരുന്നു. വലതുകാലില്‍ സൊറിയാസിസുള്ള, ബുദ്ധിക്ക് 10 പൈസ കുറവുള്ളൊരു സാധുമനുഷ്യന്‍. എല്ലാ മലയാളമാസം ഒന്നാംതിയ്യതിയും വരന്തരപിള്ളിയിലെ പ്രമാണിമാരുടെ വീട്ടില്‍ ‘ഒന്നാംന്തി’ കയറലായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ജോലിയും വരുമാനമാര്‍ഗ്ഗവും. ഒന്നാം തിയ്യതി താന്നേതെങ്കിലും വീട്ടില്‍ കയറിചെന്നാല്‍ അവിടെ ഐശ്വര്യം നിറയുമെന്ന് ഈ പാവം കരുതിപോന്നു. പക്ഷെ സത്യം മറ്റൊന്നായീരുന്നു. എറപ്പായേട്ടന്‍ ഒന്നാംന്തി കയറിയാല്‍, ആ മാസം ഉള്ള മനസമാധാനവും കൂടി പോകുമെന്നറിവും അനുഭവമുള്ള നാട്ടുകാര്‍, മൂപ്പര്‍ ഗേറ്റുതുറക്കുന്നതിനുമുന്‍പെ 10രൂപയുമായി പടിക്കലേക്കോടി പുള്ളിയെ തിരിച്ചുവിടുകയാണ് പതിവ്.

ഉച്ചക്ക് ശേഷം അങ്ങാടിയിലെ ഭാരത് ഹോട്ടലില്‍ വിറക് കീറികൊടുക്കലും പാത്രംകഴുകലുമായിരുന്നു മറ്റൊരു പാര്‍ട്ടൈം ജോലി. വിറകുകീറലും കഴിഞ്ഞ് ബാക്കിവന്ന സുഖിയനും ബോണ്ടയും കഴിച്ച്, വീട്ടിലേക്കുള്ളത് പൊതിഞ്ഞെടുത്ത് വേച്ചു വേച്ച് ആറുമണിക്ക് മുന്‍പ് വീടുപിടിക്കുമായിരുന്നു എറപ്പായേട്ടന്‍.

അക്കാലത്ത് അങ്ങാടിയിലെ ഒരുപണിയും ഇല്ലാത്ത ചില അലവലാതികളും കൃമികടി ഇളകിയ കുറച്ച് ഓട്ടോകാരും ഈ പാവത്തിനെ നോട്ടമിടുകയും ‘എറപ്പായി നായര്‍’ എന്നൊരു ഇരട്ടപേരിട്ട്, ‍ജോലികഴിഞ്ഞ് സമാധാനത്തോടെ വീട്ടിലേക്കുപോയികൊണ്ടിരുന്ന ഈ മനുഷ്യനെ

‘നായരെ, എറപ്പായിനായരെ’യെന്ന്

മറവിലിരുന്ന് വിളിച്ച് ശല്യപ്പെടുത്തി അര്‍മ്മദിച്ചുകൊണ്ടിരുന്നു. ഒപ്പത്തിനൊപ്പം മറുപടിപറയാനാറിയാത്ത എറപ്പായേട്ടന്‍ തനിക്കറിയാവുന്ന വലിയ തെറികള്‍ തിരിച്ച് വിളിച്ച് ശല്യക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചകൊണ്ടിരുന്ന കാലം.

അന്നാളുകളില്‍, തന്റെ വാര്‍ഡിലിങ്ങനെയൊരു പാവത്തിനെ കുരങ്ങുകളിപ്പിക്കുന്നുണ്ടെന്ന് കേട്ടറിഞ്ഞ പപ്പേട്ടന്‍ (വരന്തരപിള്ളി മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്, CPM ലോക്കല്‍ സെക്രട്ടറി) അങ്ങാടിയിലെ കൂളകള്‍ക്ക് വാണിങ്ങ് നല്‍കിയ ദിവസം, ഇതൊന്നുമറിയാതെ പരിപ്പുവടയും ചവച്ച് ആടിയാടി വരികയായിരുന്നു എറപ്പായേട്ടന്‍. ഓട്ടോ സ്റ്റാന്‍ഡ് പിന്നിട്ടിട്ടും പതിവു നായര്‍ വിളി കേള്‍ക്കാനേയില്ല , ടോട്ടലൊരു നിശബ്ദത. മൂപ്പര്‍ക്ക് കാര്യം പിടികിട്ടിയില്ല. പത്തടി കൂടി നടന്ന് നാലുപാടും നോക്കി എറപ്പായേട്ടന്‍ അലറി.

“ഇന്നൊരു നായ്യിന്റെ മോനുമില്ലെട, എറപ്പായ് നായരെന്ന് വിളിക്കാന്‍”

--------------------------------------------