Monday, November 23, 2009

കല്യാണതലേന്ന്

തൊണ്ണൂറുകളുടെ അവസാനവര്‍ഷങ്ങളില്‍ 20-25 വയസ്സുപ്രായമുള്ള ഞങ്ങള്‍ ചെറുപ്പകാരുടെ വലിയൊരു ഗ്രൂപ്പുണ്ടായിരുന്നു വരന്തരപിള്ളി വടക്കും‌മുറി ഭാഗത്ത്. നാം രണ്ട് നമ്മുക്ക് മൂന്നെന്ന പോളിസിയില്‍ എഴുപതുകളുടെ പകുതിയില്‍ പൊട്ടിവിരിഞ്ഞ ഭാവിവാഗ്ദാനങ്ങള്‍. ഗോവേന്ത പള്ളി ഗ്രൌണ്ടില്‍ വോളിബോള്‍ കളി, ജനത സ്ക്കൂള്‍ മുറ്റത്ത് കരാട്ടെ പഠിത്തം, ഡേവിസ് തിയ്യറ്ററില്‍ സെക്കന്റ് ഷോ, ജയകേരള വായനശാലയിലെ ക്യാരംസ്സ്-ചെസ്സ് കളി, വേലുപ്പാടം,പള്ളികുന്ന്,മണ്ണംപേട്ട പള്ളികളിലെ അമ്പ് പെരുന്നാളുകള്‍, പാലക്കല്‍-വരാക്കര-ചെമ്പുചിറ പൂരങ്ങള്‍, അങ്ങാടിയിലെ വായനോട്ടം തുടങ്ങിയതൊക്കെയാണ് ജീവിതത്തിലെ വലിയകാര്യങ്ങളെന്ന് വിശ്വസിച്ച് അര്‍മ്മദിച്ച് ആഹ്ലാദിച്ചു നടന്ന വലിയൊരു സംഘം.
ആ കൂട്ടത്തിലെ ഒരു ഒന്നൊന്നര സുന്ദരനും സുമുഖനും സല്‍‌സ്വഭാവിയുമായിരുന്നു, അങ്ങാടിയില്‍ പച്ചകറി പീടിക നടത്തിയിരുന്ന, ഊട്ടോളി വിജയേട്ടന്റെ പോളിഷ് പണിക്കുപോകുന്ന നാലാമത്തെ മോന്‍ ഊട്ടൊളി സുധീഷ്. ആണ്‍സന്താനത്തിനു വേണ്ടി ഗുരുവായൂര്‍ ഉരുളികമ്മിഴ്ത്തിയ വകയിലുണ്ടായ മൊതല്. അസ്സല്‍ കൃഷ്ണന്‍ തന്നെയായിരുന്നു സുധീഷ്. ഫെയര്‍ & ലൌലിയിട്ട് വെളുപ്പിച്ച മുഖം, എയറുപിടിച്ച നടത്തം, പിന്നിലേക്ക് ചീകി മുന്നിലോട്ട് വലിച്ചിട്ട ഹെയര്‍ സ്റ്റൈല്‍, സകലമാന പെണ്ണുങ്ങളും തന്നെതന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന ഭാവം, മുഖം കറുക്കാതിരിക്കാന്‍ പോളിഷ് പണി തെരെഞ്ഞെടുത്ത ലോലഹൃദയന്‍.ലോകത്തിലെ ഒരുവക എല്ലാ പെണ്ണുങ്ങളോടും പ്രായജാതിമതഭേദമന്യ പ്രേമം തോന്നിയിരുന്ന ഈ യുവകോമളന് വരന്തരപ്പിള്ളി തുടങ്ങി ആമ്പല്ലൂരുവരെയുള്ള ഒരുമാതിരി സുന്ദരിമാരുടെ പേരും നാളും വീടും കയറുന്ന ബസിന്റെ സമയവും സ്റ്റോപ്പുവരെ മനപാഠമായിരുന്നു.തന്റെ ഒറ്റയൊരു കടാക്ഷത്താല്‍ ഏതു പെണ്‍കുട്ടിയും ലൈനാകുമെന്ന് തെറ്റിദ്ധരിച്ചു നടന്ന സുധീഷ് പക്ഷെ അനുരാഗജീവിതത്തില്‍ അക്കരപച്ചകാരനായിരുന്നു. ആറുമാസത്തിലും കൂടുതല്‍ ഒരു ലൈന്‍ കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ട്. തൃശ്ശൂര്‍ മിഷന്‍ ആശുപത്രിയില്‍ നഴ്സ്സായിരുന്ന ഷീബയെ പ്രണയിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു തലോര്‍ നവജ്യോതികോളേജില്‍ ബീക്കോമിനു പഠിക്കുന്ന സംഗീതയെ കാണുന്നതും ഷീബയെക്കാള്‍ കളര്‍ സംഗീതക്കാണെന്ന വിശ്വാസത്തില്‍ പ്രേമം മാറ്റിപിടിക്കുന്നതും. പക്ഷെ അതും നീണ്ടുനിന്നില്ല, തിരുവിതാക്കൂറില്‍നിന്ന് വന്ന് വടക്കും‌മുറിയില്‍ താമസിച്ചിരുന്ന ജോണേട്ടന്റെ മോള് സാലിമോളെ കണ്ടപ്പോള്‍ മുതല്‍ പിന്നെയൊരുമിളക്കം.
പോളിഷ് പണിക്കുപോയി കിട്ടുന്ന കാശുമുഴുവന്‍ ഫെയര്‍ & ലൌലിക്കും പൌഡറിനും മാത്രമാവുകയും, ചെക്കനെ കുടുംബത്ത് കാണാന്‍‌കൂടി കിട്ടാതെയായപ്പോഴാണ് വിജയേട്ടന്‍ മോന്റെ വീരകഥകളും വിരലിലെണ്ണാന്‍ കഴിയാത്ത പെണ്‍പേരുകളും അന്വേഷിച്ചറിയുന്നത്. പേരുകള്‍ കേട്ട് ഞെട്ടിയ വിജയേട്ടന്‍ ഒടുവില്‍ കുടുംബകാരുടെയും വേണ്ടപ്പെട്ടവരുടെയും ഉപദേശപ്രകാരം ചെക്കന്റെ സൂക്കേടിന് മരുന്നുകണ്ടെത്തുകയും ആനന്ദപുരം-മുരിയാടു ഭാഗത്തുള്ള ഒരു എക്സ്സ് ഗള്‍ഫുകാര‍ന്റെ മകളെ കല്യാണമാലോചിക്കുകയും ചെയ്യ്‌തു. ഇരുനിറമുള്ള,ചുരുള്ളന്‍ മുടിയുള്ള, ചിരിക്കുമ്പോള്‍ നുണകുഴി വിരിയുന്ന ആനന്ദപുരത്തുകാരിയെ കണ്ട സുധീഷ് ത്ന്റെ എക്സ്സിസ്റ്റിങ്ങ് ലൈനിനെ മറക്കുകയും കല്യാണത്തിനു സമ്മതം മൂളുകയും ചെയ്യുകയാണുണ്ടായത്.പക്ഷെ കല്യാണനിശ്ചയവും ഇടക്കിടെയുള്ള ഫോണ്‍ വിളികളും കഴിഞ്ഞതോടെ ചുള്ളന്റെ ആദ്യ പൂതി തീര്‍ന്ന് ചെറു ബോറിങ്ങ് ഫീല്‍ ചെയ്യതു തുടങ്ങുകയും ഈ കല്യാണത്തോടെ താ‍ന്‍ പെട്ടുപോകുമെന്നും, ഇരുനിറക്കാരി മിസ്സ് ആനന്ദപുരത്തിന്റെ കസ്റ്റഡിയിലായിരിക്കും തന്റെ ശിഷ്ടജീവിതമെന്നും, വീട്ടുകാരും കൂട്ടുകാരും കൂടി തന്നെ കുഴിയില്‍ വീഴ്ത്തുകയായിരുവെന്നും തിരിച്ചറിഞ്ഞതോടെ മനഃസമാധാനം നഷ്ടപ്പെട്ട സുധീഷ് കല്യാണ ദിവസമടുത്തതോടെ നിലാവത്തഴിച്ചിട്ട കോഴിയേപോലെയായിതീര്‍ന്നു.അങ്ങനെയങ്ങനെ കല്യാണതലേനാള്‍ സമാഗതമായി. വീടു നിറയെ ആളും ബഹളവും. ടേപ്പ് റിക്കോര്‍‌ഡറില്‍ തമിഴ് പാട്ട്, കറികരിയുന്നതിന്റെയും നാളികേരം ചിരകുന്നതിന്റെയും പിഴിയുന്നതിന്റെയും തിരക്ക്, അളിയന്‍‌മാരുടെ ഭരണം, പന്തലില്‍ അലങ്കാരപണികളുടെയിടയിലും വിരുന്നുവന്ന പെണ്‍കുട്ടികളുടെ ശ്രദ്ധകിട്ടാനായി കോപ്രായങ്ങള്‍ കാട്ടുന്ന ഞാനടക്കമുള്ള യൂത്തന്‍‌മാര്‍, വെപ്പുകാരനെയും ഹെല്‍പ്പറായ ചേച്ചിയേയും ശുണ്ഠി പിടിപ്പിക്കുന്ന അലവലാതികള്‍, ഇരുട്ടിന്റെ മറവില്‍, ഫ്രീ കിട്ടുന്ന കൊട്ടുവടിയടിച്ച് ഇടക്കിടെ റീഫ്രഷ് ചെയ്യുന്ന കാര്‍ന്നോര്‍മാര്‍, ആഭരണങ്ങളും തുണിയും നോക്കി നോക്കി മതിവരാത്ത പെണ്ണുങ്ങളുടെ തിരക്ക് വീട്ടിനുള്ളില്‍. ഈ വക ബഹളങ്ങളൊന്നും തന്നിക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന മട്ടില്‍ മറ്റേതോലോകത്തായിരുന്നു കല്യാണചെക്കന്‍.രാത്രി വൈകിയതോടെ കല്യാണചെക്കനെ ഉറക്കമൊളിപ്പിക്കാതെ കിടത്താനായി മൂത്തപെങ്ങള്‍ അന്വേഷിച്ചുതുടങ്ങുകയും, പന്തലിലും കൂട്ടുകാര്‍ക്കിടയിലും ചായ്പ്പിലും അടുക്കളഭാഗത്തും കാണാതെ വന്നപ്പോഴാണ് കാര്യം സീരിയസ്സാണെന്ന് പന്തലിലുള്ളവര്‍ മനസ്സിലാക്കുന്നത്. കറികരിയലും നാളികേരപിഴിച്ചിലും നിന്നു. മെല്ലെ മെല്ലെയുള്ള കരച്ചില്‍ കൂട്ടനിലവിളിക്കു വഴിമാറിതുടങ്ങി. കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നുള്ള പോളിസിയില്‍ ചിലര്‍ അടുത്തുഭാഗത്തുള്ള കിണറ്റിലും മരത്തിലുമൊക്കെ ടോര്‍ച്ചടിച്ചുനോക്കിയത്രേ. സുധിഷിന്റെ അമ്മ ഗിരിജ്ജേച്ചി ബോധം കെട്ടുവീഴുകയും പെങ്ങള്‍‌മാര്‍ എണ്ണിപെറുക്കികരയാന്‍ തുടങ്ങിയ ആ മിഡ് നൈറ്റില്‍, പലരും സുധീഷിനായിടക്കുണ്ടായ സ്വാഭാവമാറ്റത്തെകുറിച്ച് ചര്‍ച്ച ചെയ്യുകയും ഒരു നിഗമനത്തിലെത്താന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു.

രാത്രി 10.30 നു ശേഷം കല്യാണചെക്കനെ കണ്ടവരാരുമില്ലെന്നും അതിനുമുമ്പെപ്പോഴോ റോഡില്‍ കിടന്നിരുന്ന ഓട്ടോറിക്ഷയില്‍ സുധീഷിനെ കണ്ടവരുണ്ടെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു.വരന്തരപ്പിള്ളി അങ്ങാടിയില്‍ കൂടി തിരയാന്‍പോയവര്‍ കൂടി മടങ്ങി വന്നതോടെ കാര്യങ്ങള്‍ ഏറെകുറെ ക്ലിയറാകുകയും ചെക്കന്‍ നാട്ടില്‍ നിന്ന് സ്ക്കുട്ടായെന്ന് ഉറപ്പാക്കുകയും ചെയ്യ്‌തു. തറവാടിന്റെ മാനം നഷ്ടപ്പെട്ട വിജയേട്ടന്‍ എറയത്ത് കുനിഞ്ഞിരുന്ന് കരഞ്ഞു. ഉടനടി ഈ വിവരം പെണ്ണുവീട്ടുകാരെ അറിയിക്കേണ്ട ആവശ്യകതെയെകുറിച്ച് കാര്‍ന്നോര്‍മാരും നാട്ടു പ്രാമാണിമാരും ചര്‍ച്ച ചെയ്യുന്നു. കല്യാണത്തിന്റെയന്ന് പുലര്‍ച്ചെ ഈ വാര്‍ത്തയും കൊണ്ടുച്ചെന്നാല്‍ കിട്ടാന്‍ പോകുന്ന സമ്മാനത്തിന്റെ വലുപ്പമറിയുന്നതിനാല്‍ ദൂത് പോകാന്‍ ആരെയും കിട്ടാത്ത അവസ്ഥ. അവസാനം മനസ്സില്ലാ മനസ്സോടെ 70 വയസ്സായ രണ്ട് അമ്മാച്ചന്‍‌മാരെ ഓട്ടോയില്‍ യാത്രയാക്കി, നഷ്ട്ടപ്പെട്ട അഭിമാനമുറിവില്‍ വിജയേട്ടന്‍ അലറി.“മരിച്ചുപോയ കാര്‍ന്നോര്‍മാരാണെ,വരാക്കര കാവിലമ്മയാണെ സത്യം”

“ എന്നിക്കിങ്ങനെയൊരു മോനില്ല”

“ ഇനിയെന്റെ മുന്നിലവനെ കണ്ടാല്‍, ഈ കരയിലവന്‍ കാലുകുത്തിയാല്‍

കൊത്തിയരിഞ്ഞ് പോര്‍ക്കിനിട്ടുകൊടുക്കും ആ പെലയാ....... മോനെ.....”ഒരു പത്ത് സെക്കന്റ്. മാജിക്കിലെന്നപോലെ സുധീഷ് പന്തലില്‍ പ്രത്യക്ഷപ്പെട്ടു. പറമ്പിനറ്റത്തുള്ള വൈക്കോല്‍ പുരയിലിരിക്കുകയായിരുന്നു ഈ പൊന്നുംകുടം. എങ്ങനെയെങ്കിലും കല്യാണം മുടങ്ങിയാല്‍ താന്‍ രക്ഷപെടുമെന്നുള്ള അതിമോഹത്താല്‍ ഉണ്ടായ കുരുട്ടു ബുദ്ധി. അച്ചന്റെ ശപഥം കേട്ടതോടെ ചങ്കിലെ കിളി പറന്നുപോകുകയും ഇനി ശരണം അച്ചന്റെ കാലാണെന്ന തിരിച്ചറിവില്‍ ഓടിയെത്തിയതാണ്.കാലുമടക്കി ഒറ്റതൊഴിയായിരുന്നു ആദ്യം, പിന്നെ ചെറിയൊരു വെടികെട്ടും ചില്ലറ സമ്മാനങ്ങളും.ടേപ്പ് റിക്കോര്‍ഡര്‍ വീണ്ടും ഓണായി. കെട്ടുപോയ അടുപ്പില്‍ വീണ്ടും തീ കത്തിതുടങ്ങി, പെണ്ണ് വീട്ടുകാരെ വിവരമറിയിക്കാനായി മന്ദം മന്ദം പോയവരെ ആബല്ലൂരില്‍ വെച്ചുതന്നെ കണ്ടെത്തി തിരിച്ചു കൊണ്ടുവന്നു.പിറ്റേന്നാള്‍ ആനന്ദപുരം അമ്പലത്തില്‍വച്ച് സുധീഷിന്റെയും ഗ്രീഷ്മയുടെയും വിവാഹം കെങ്കേമമായി നടന്നു.

ചെറുക്കന്റെ മുഖവും ശരീരവും മുന്നത്തേക്കാള്‍ തുടുത്തിരിക്കുന്നതായി പെണ്ണ് വീട്ടുകാര്‍ അടക്കം പറഞ്ഞത്രേ.**************************************