Sunday, December 20, 2009

ട്രാക്ടറും പോളേട്ടനും പിന്നെ ഞാനും

പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭാഗം കിട്ടിയ കാട്ടുപറമ്പ് വിറ്റതും ഭൂപണയബാങ്കില്‍നിന്ന് ലോണെടുത്തതും കൂട്ടി എന്റെച്ചനൊരു ട്രാക്ടര്‍ വാങ്ങിക്കുകയുണ്ടായി. മഹേന്ദ്രയുടെ ചോപ്പനൊരു ടിപ്പര്‍ ട്രാക്ടര്‍. തന്റെ എണ്ണിചുട്ട ശബളത്തിനുപുറമെയൊരു ‘എക്സ്ട്രാ ഇന്‍‌കം‌’ മെന്ന മോഹത്താലുണ്ടായ തീരുമാനം. മണ്ണെടുക്കല്‍, പാടം നികത്തല്‍ തുടങ്ങിയ കലാപരിപാടികളുടെ സുവര്‍ണ്ണകാലഘട്ടമായതിനാല്‍ കാര്‍ന്നോരുടെ കണക്കു കൂട്ടല്‍ തെറ്റിയില്ല.

വരന്തരപിള്ളി പേട്ടയിലെ സൂപ്പര്‍ ഡ്രൈവറും വടക്കും‌മുറിയില്‍ ഞങ്ങളുടെ അയല്‍ക്കാരനുമായിരുന്ന മഞ്ഞളി പോളേട്ടനായിരുന്നു ഈ മൊതലിന്റെ സാരഥി. ഡീസന്റിനു ഡീസന്റ്, കച്ചറക്ക് കച്ചറെയെന്ന പോളിസിക്കാരന്‍. കുടും‌ബപ്രാരാബ്ദങ്ങള്‍ മുഴുവന്‍ തലയിലേറ്റിയതിനാല്‍ മുപ്പത്തഞ്ചാം വയസ്സിലും അവിവാഹിതന്‍, സുമുഖന്‍, എല്ലാ ഞായറാഴ്ച്ചയും കുര്‍ബാന കൂടുന്ന അസ്സല്‍ മാപ്ല, അബ് പെരുന്നാളിന് ട്വിസ്റ്റ് അടിച്ച് പെണ്ണുങ്ങളെ ടച്ച് ചെയ്യുന്നവരെ എടുത്തിട്ടടിക്കുന്ന വീരന്‍, പത്തു പൈസ കക്കാതെ മൊതലാളിക്ക് ഓട്ടകാശെത്തിക്കുന്ന മര്യാദകാരന്‍, കള്ളുഷാപ്പിലെ ചെലവ് ഒറ്റക്കെടുക്കുന്ന അഭിമാനി. കാപ്പികാശ് കുറഞ്ഞാല്‍ കോണ്ട്രാക്ട്ടറെ വരച്ച വരയില്‍ നിര്‍ത്തി കാശുവാങ്ങുന്ന ധീരന്‍, നാട്ടിലെ സകലമാന പിള്ളാരുടെയും ഡ്രൈവിങ്ങ് ആശാന്‍.

പക്ഷെ ഈ പൊന്നുംകുടത്തിന്റെ നാക്കില്‍ വികടസരസ്വതി കേറി വിളയാടുമായിരുന്നു. ചിലപ്പോഴൊക്കെ.......ചിലനേരങ്ങളില്‍മാത്രം. ആകെയുള്ളൊരു വീക്കനസ്സ്.

മണ്ണുപണിക്കുപുറമെ വരന്തരപിള്ളി പുഴയില്‍നിന്നുള്ള മണലോട്ടം, കട്ടയോട്ടം, ചുറ്റുഭാഗത്തൊക്കെയുള്ള ചാണകം,, വെണ്ണൂറ്, ആട്ടിന്‍‌കാട്ടം ട്രിപ്പുകളൊക്കെ കിട്ടി അച്ചന്‍ ഭൂപണയ ബാങ്കിലെ ലോണ്‍ ഭംഗിയായ് അടച്ചുകൊണ്ടിരുന്ന അക്കാലത്ത് ഞാന്‍ ഡ്രൈവിങ്ങില്‍ പോളേട്ടന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു.

വണ്ടിയോടിക്കുകയെന്നതിലുമപ്പുറം പോളേട്ടന്റെ കൂടെപോയാല്‍ കിട്ടുന്ന കള്ള തീറ്റയിലായിരുന്നു അന്നെനിക്ക് ഇന്‍‌ട്രസ്റ്റ്. ആമ്പല്ലൂര്‍ സൈഡിലുള്ള തട്ടുകടകളിലെ ബോട്ടിയും കൊള്ളിയും, എറച്ചിചാറും പൊറോട്ടയും, മാപ്രാണം കള്ളുഷാപ്പിലെ ആമയിറച്ചിയും ഞണ്ടും, പുഴുങ്ങിയ താറാവ് മുട്ട മുളകിലിട്ടത് തുടങ്ങി അന്ന് കൊച്ചുപിള്ളേര്‍ക്ക് അപ്രാപ്യവും അതിവിശിഷ്ടവുമായ രുചികള്‍ പരിചയപ്പെടുത്തിയതും ശീലമാക്കി തന്നതും പോളേട്ടനായിരുന്നു. തൃശ്ശൂര്‍ പൂരം വെടികെട്ട്, പാവറട്ടി പെരുന്നാള്‍, നെന്‍‌മ്മാറ-വല്ലങ്ങി വേല, ഉത്രാളികാവ്പൂരം, കന്യാകുമാരി-ഊട്ടി-പളനി ടൂര്‍ട്രിപ്പുകള്‍ മുതലായ ഒരുമാതിരി എല്ലാ വിനോദങ്ങള്‍ക്കും ചെണ്ട പുറത്ത് കോലെന്നപോലെ എന്നെ കൊണ്ടുനടന്നതോടെ ഈയുള്ളവന്‍ ശരിക്കും പോളേട്ടന്റെ ആരാധകനായി മാറുകയായിരുന്നു. കോളേജ്ജില്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സബ്മിറ്റ് ചെയ്യേണ്ട ഡ്രോയിങ്ങുകള്‍, അസ്സൈമെന്റുകള്‍, സെമസ്റ്റര്‍പരീക്ഷകളെകുറിച്ചെല്ലാം മറന്ന് ഞാന്‍ പോളേട്ടന്റെയും ട്രാക്ടറിന്റെയും പിന്നാലെ കൂടുകായാണുണ്ടായത്.

അക്കാലത്തൊരു ശനിയാഴ്ച്ച രാവിലെ ഞങ്ങള്‍ക്കൊരു ഓട്ടം കിട്ടുന്നു .വരന്തരപിള്ളിക്ക് 5-6 KM അപ്പുറത്ത് മരോട്ടിച്ചാലെന്ന സ്ഥലത്തുനിന്നൊരു ചാണകോട്ടം. ചാണം ലോഡ്ചെയ്യതുകൊണ്ടിരുന്ന സമയത്ത് ആ വഴിയെപോയ ചെത്തുകാരനില്‍നിന്ന് 2കുപ്പി കള്ള് സമ്പാദിച്ചെടുത്തു പോളേട്ടന്‍. ലോഡുകയറ്റുന്ന വീട്ടില്‍ നിന്നുകിട്ടിയ ചാളകൂട്ടാനും തൊട്ടുകൂട്ടി ഒന്ന് ഒന്നേമുക്കാല്‍ കുപ്പി കള്ളടിച്ച് ( കാല്‍ കുപ്പി ഞാനടിച്ചു) ഫോമിലായ പോളേട്ടന്‍ ലോഡും വണ്ടി എന്നിക്കോടിക്കാന്‍ തരുകയാണുണ്ടായത്.

പൊതുവെ സ്പ്പീഡ്കൂടിയ ഇനത്തില്‍ പെട്ടതിനാലും ചാണകം കേറ്റി ലോഡുകിട്ടിയ സന്തോഷത്താലും ആമയെ തോല്‍പ്പിക്കുന്ന വേഗത്തില് ഇഴയുന്നു ഞങ്ങളുടെ കണ്‍‌മണി. കള്ളറ്റിച്ച് ഫിറ്റായ പോളേട്ടന്‍ ഭരണിപാട്ടും മണ്ണുപണിക്കാരുടെ ഈരടികളും പാടി ബോറടി മാറ്റുന്നു. ആളനക്കം കുറഞ്ഞ റബ്ബര്‍ തോട്ടത്തിന്റെ സൈഡിലൂടെയുള്ള കയറ്റം കയറുകയായിരുന്നു വണ്ടി. ആ പറമ്പില്‍ നിന്ന് പുല്ലരിയുകയായിരുന്ന ഒരു പെണ്‍കുട്ടി, വണ്ടികാരുടെ ഫോം കണ്ടിട്ടോ, ട്രാക്ടറ്രിന്റെ സ്പീഡു കണ്ടൊ പുല്ലരിയല്‍ നിറുത്തി ,വായപൊത്തി ഒരു പരിഹാസസിരിയ്യോടെ ഞങ്ങളെ നോക്കിനിന്നുപ്പോയി. അത് പക്ഷെ പോളേട്ടന് പിടിച്ചില്ല, വികടന്‍ വായിലേക്ക് ഓടിയെത്തുകയായിരുന്നു.

“എന്താടി പൂ...........................മോളെ നിന്ന് ഇളിക്കുന്നത്...........”
“വണ്ടീ‍ല്‍ കേറിക്കോ........... അടുത്ത സ്റ്റോപ്പിലെറങ്ങാം...........”

പെങ്കൊച്ച് പേടിച്ചിട്ടുണ്ടാകണം, അപ്പാ......അമ്മേ യെന്ന അലറിവിളിച്ചിട്ടുണ്ടാകാം.
10 സെക്കന്റില്‍ ആളെത്തി. സ്ക്കൂളുവിട്ടത് പോലെ.

പിന്നെയുള്ള യാ‍ത്ര താലപൊലിയും വിളക്കുമായിട്ടായിരുന്നു. മണിക്കൂറില്‍ 5കി.മി വേഗതിലോടുന്ന ശകടം.വണ്ടിയുടെ ഒപ്പം നടന്ന്, റബ്ബറിന്റെ കമ്പെടുത്ത് കുത്തി രസിക്കുന്നു ചിലര്‍. പിന്നിലെ പെട്ടിയില്‍ നിന്നെടുത്ത് മുഖത്തിനുനേരെയെറിയുന്ന പച്ച ചാണകത്തിന് പ്രത്യേക സുഗന്ധവും ടേസ്റ്റും. കാതടിച്ചു പോകുന്ന A ക്ലാസ്സ് തെറികള്‍. അരകിലോമിറ്ററോളം ട്രാക്ടറിന്റെ കൂടെ നടന്ന്, ഭരണിപാട്ട് പാടി ബോറടിച്ച് അവര്‍ തിരിച്ചുപോയപ്പോഴാണ് വരന്തരപിള്ളി അങ്ങാടി ഇനിയും കാണാമല്ലോ എന്നെനിക്കുറപ്പായത്.

അടുത്തുകണ്ടൊരു കുളത്തില്‍ മുങ്ങികുളിച്ച് വരന്തരപിള്ളിയിലെത്തിയ ഞാന്‍ അന്നുതന്നെ പോളേട്ടന്റെയടുത്തുള്ള ശിഷ്യത്വം അവസാനിപ്പിച്ചു. ഉള്ളതുപറഞ്ഞാല്‍ പോളേട്ടനടിച്ച ഡയലോഗിന് ആള്‍ടെ ചെകിളക്കൊരു വീക്ക് അത്യാവശ്യമായിരുന്നു. പക്ഷെ എട്ടും പൊട്ടും തിരിയാത്തൊരു നരുന്തു ചെക്കനെ റബ്ബര്‍ കമ്പിനടിച്ചതിലും ചാണകേറുനടത്തിയതിലും പ്രതിഷേധിച്ച് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഞാന്‍ “മരോട്ടിച്ചാല്‍ ഏരിയായില്‍” കാലുകുത്തിയിട്ടില്ല. ഇനിയൊട്ട് പോകുകയുമില്ല...................................