Monday, November 23, 2009

കല്യാണതലേന്ന്

തൊണ്ണൂറുകളുടെ അവസാനവര്‍ഷങ്ങളില്‍ 20-25 വയസ്സുപ്രായമുള്ള ഞങ്ങള്‍ ചെറുപ്പകാരുടെ വലിയൊരു ഗ്രൂപ്പുണ്ടായിരുന്നു വരന്തരപിള്ളി വടക്കും‌മുറി ഭാഗത്ത്. നാം രണ്ട് നമ്മുക്ക് മൂന്നെന്ന പോളിസിയില്‍ എഴുപതുകളുടെ പകുതിയില്‍ പൊട്ടിവിരിഞ്ഞ ഭാവിവാഗ്ദാനങ്ങള്‍. ഗോവേന്ത പള്ളി ഗ്രൌണ്ടില്‍ വോളിബോള്‍ കളി, ജനത സ്ക്കൂള്‍ മുറ്റത്ത് കരാട്ടെ പഠിത്തം, ഡേവിസ് തിയ്യറ്ററില്‍ സെക്കന്റ് ഷോ, ജയകേരള വായനശാലയിലെ ക്യാരംസ്സ്-ചെസ്സ് കളി, വേലുപ്പാടം,പള്ളികുന്ന്,മണ്ണംപേട്ട പള്ളികളിലെ അമ്പ് പെരുന്നാളുകള്‍, പാലക്കല്‍-വരാക്കര-ചെമ്പുചിറ പൂരങ്ങള്‍, അങ്ങാടിയിലെ വായനോട്ടം തുടങ്ങിയതൊക്കെയാണ് ജീവിതത്തിലെ വലിയകാര്യങ്ങളെന്ന് വിശ്വസിച്ച് അര്‍മ്മദിച്ച് ആഹ്ലാദിച്ചു നടന്ന വലിയൊരു സംഘം.




ആ കൂട്ടത്തിലെ ഒരു ഒന്നൊന്നര സുന്ദരനും സുമുഖനും സല്‍‌സ്വഭാവിയുമായിരുന്നു, അങ്ങാടിയില്‍ പച്ചകറി പീടിക നടത്തിയിരുന്ന, ഊട്ടോളി വിജയേട്ടന്റെ പോളിഷ് പണിക്കുപോകുന്ന നാലാമത്തെ മോന്‍ ഊട്ടൊളി സുധീഷ്. ആണ്‍സന്താനത്തിനു വേണ്ടി ഗുരുവായൂര്‍ ഉരുളികമ്മിഴ്ത്തിയ വകയിലുണ്ടായ മൊതല്. അസ്സല്‍ കൃഷ്ണന്‍ തന്നെയായിരുന്നു സുധീഷ്. ഫെയര്‍ & ലൌലിയിട്ട് വെളുപ്പിച്ച മുഖം, എയറുപിടിച്ച നടത്തം, പിന്നിലേക്ക് ചീകി മുന്നിലോട്ട് വലിച്ചിട്ട ഹെയര്‍ സ്റ്റൈല്‍, സകലമാന പെണ്ണുങ്ങളും തന്നെതന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന ഭാവം, മുഖം കറുക്കാതിരിക്കാന്‍ പോളിഷ് പണി തെരെഞ്ഞെടുത്ത ലോലഹൃദയന്‍.ലോകത്തിലെ ഒരുവക എല്ലാ പെണ്ണുങ്ങളോടും പ്രായജാതിമതഭേദമന്യ പ്രേമം തോന്നിയിരുന്ന ഈ യുവകോമളന് വരന്തരപ്പിള്ളി തുടങ്ങി ആമ്പല്ലൂരുവരെയുള്ള ഒരുമാതിരി സുന്ദരിമാരുടെ പേരും നാളും വീടും കയറുന്ന ബസിന്റെ സമയവും സ്റ്റോപ്പുവരെ മനപാഠമായിരുന്നു.



തന്റെ ഒറ്റയൊരു കടാക്ഷത്താല്‍ ഏതു പെണ്‍കുട്ടിയും ലൈനാകുമെന്ന് തെറ്റിദ്ധരിച്ചു നടന്ന സുധീഷ് പക്ഷെ അനുരാഗജീവിതത്തില്‍ അക്കരപച്ചകാരനായിരുന്നു. ആറുമാസത്തിലും കൂടുതല്‍ ഒരു ലൈന്‍ കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ട്. തൃശ്ശൂര്‍ മിഷന്‍ ആശുപത്രിയില്‍ നഴ്സ്സായിരുന്ന ഷീബയെ പ്രണയിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു തലോര്‍ നവജ്യോതികോളേജില്‍ ബീക്കോമിനു പഠിക്കുന്ന സംഗീതയെ കാണുന്നതും ഷീബയെക്കാള്‍ കളര്‍ സംഗീതക്കാണെന്ന വിശ്വാസത്തില്‍ പ്രേമം മാറ്റിപിടിക്കുന്നതും. പക്ഷെ അതും നീണ്ടുനിന്നില്ല, തിരുവിതാക്കൂറില്‍നിന്ന് വന്ന് വടക്കും‌മുറിയില്‍ താമസിച്ചിരുന്ന ജോണേട്ടന്റെ മോള് സാലിമോളെ കണ്ടപ്പോള്‍ മുതല്‍ പിന്നെയൊരുമിളക്കം.




പോളിഷ് പണിക്കുപോയി കിട്ടുന്ന കാശുമുഴുവന്‍ ഫെയര്‍ & ലൌലിക്കും പൌഡറിനും മാത്രമാവുകയും, ചെക്കനെ കുടുംബത്ത് കാണാന്‍‌കൂടി കിട്ടാതെയായപ്പോഴാണ് വിജയേട്ടന്‍ മോന്റെ വീരകഥകളും വിരലിലെണ്ണാന്‍ കഴിയാത്ത പെണ്‍പേരുകളും അന്വേഷിച്ചറിയുന്നത്. പേരുകള്‍ കേട്ട് ഞെട്ടിയ വിജയേട്ടന്‍ ഒടുവില്‍ കുടുംബകാരുടെയും വേണ്ടപ്പെട്ടവരുടെയും ഉപദേശപ്രകാരം ചെക്കന്റെ സൂക്കേടിന് മരുന്നുകണ്ടെത്തുകയും ആനന്ദപുരം-മുരിയാടു ഭാഗത്തുള്ള ഒരു എക്സ്സ് ഗള്‍ഫുകാര‍ന്റെ മകളെ കല്യാണമാലോചിക്കുകയും ചെയ്യ്‌തു. ഇരുനിറമുള്ള,ചുരുള്ളന്‍ മുടിയുള്ള, ചിരിക്കുമ്പോള്‍ നുണകുഴി വിരിയുന്ന ആനന്ദപുരത്തുകാരിയെ കണ്ട സുധീഷ് ത്ന്റെ എക്സ്സിസ്റ്റിങ്ങ് ലൈനിനെ മറക്കുകയും കല്യാണത്തിനു സമ്മതം മൂളുകയും ചെയ്യുകയാണുണ്ടായത്.



പക്ഷെ കല്യാണനിശ്ചയവും ഇടക്കിടെയുള്ള ഫോണ്‍ വിളികളും കഴിഞ്ഞതോടെ ചുള്ളന്റെ ആദ്യ പൂതി തീര്‍ന്ന് ചെറു ബോറിങ്ങ് ഫീല്‍ ചെയ്യതു തുടങ്ങുകയും ഈ കല്യാണത്തോടെ താ‍ന്‍ പെട്ടുപോകുമെന്നും, ഇരുനിറക്കാരി മിസ്സ് ആനന്ദപുരത്തിന്റെ കസ്റ്റഡിയിലായിരിക്കും തന്റെ ശിഷ്ടജീവിതമെന്നും, വീട്ടുകാരും കൂട്ടുകാരും കൂടി തന്നെ കുഴിയില്‍ വീഴ്ത്തുകയായിരുവെന്നും തിരിച്ചറിഞ്ഞതോടെ മനഃസമാധാനം നഷ്ടപ്പെട്ട സുധീഷ് കല്യാണ ദിവസമടുത്തതോടെ നിലാവത്തഴിച്ചിട്ട കോഴിയേപോലെയായിതീര്‍ന്നു.



അങ്ങനെയങ്ങനെ കല്യാണതലേനാള്‍ സമാഗതമായി. വീടു നിറയെ ആളും ബഹളവും. ടേപ്പ് റിക്കോര്‍‌ഡറില്‍ തമിഴ് പാട്ട്, കറികരിയുന്നതിന്റെയും നാളികേരം ചിരകുന്നതിന്റെയും പിഴിയുന്നതിന്റെയും തിരക്ക്, അളിയന്‍‌മാരുടെ ഭരണം, പന്തലില്‍ അലങ്കാരപണികളുടെയിടയിലും വിരുന്നുവന്ന പെണ്‍കുട്ടികളുടെ ശ്രദ്ധകിട്ടാനായി കോപ്രായങ്ങള്‍ കാട്ടുന്ന ഞാനടക്കമുള്ള യൂത്തന്‍‌മാര്‍, വെപ്പുകാരനെയും ഹെല്‍പ്പറായ ചേച്ചിയേയും ശുണ്ഠി പിടിപ്പിക്കുന്ന അലവലാതികള്‍, ഇരുട്ടിന്റെ മറവില്‍, ഫ്രീ കിട്ടുന്ന കൊട്ടുവടിയടിച്ച് ഇടക്കിടെ റീഫ്രഷ് ചെയ്യുന്ന കാര്‍ന്നോര്‍മാര്‍, ആഭരണങ്ങളും തുണിയും നോക്കി നോക്കി മതിവരാത്ത പെണ്ണുങ്ങളുടെ തിരക്ക് വീട്ടിനുള്ളില്‍. ഈ വക ബഹളങ്ങളൊന്നും തന്നിക്ക് പറഞ്ഞിട്ടുള്ളതല്ലെന്ന മട്ടില്‍ മറ്റേതോലോകത്തായിരുന്നു കല്യാണചെക്കന്‍.



രാത്രി വൈകിയതോടെ കല്യാണചെക്കനെ ഉറക്കമൊളിപ്പിക്കാതെ കിടത്താനായി മൂത്തപെങ്ങള്‍ അന്വേഷിച്ചുതുടങ്ങുകയും, പന്തലിലും കൂട്ടുകാര്‍ക്കിടയിലും ചായ്പ്പിലും അടുക്കളഭാഗത്തും കാണാതെ വന്നപ്പോഴാണ് കാര്യം സീരിയസ്സാണെന്ന് പന്തലിലുള്ളവര്‍ മനസ്സിലാക്കുന്നത്. കറികരിയലും നാളികേരപിഴിച്ചിലും നിന്നു. മെല്ലെ മെല്ലെയുള്ള കരച്ചില്‍ കൂട്ടനിലവിളിക്കു വഴിമാറിതുടങ്ങി. കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നുള്ള പോളിസിയില്‍ ചിലര്‍ അടുത്തുഭാഗത്തുള്ള കിണറ്റിലും മരത്തിലുമൊക്കെ ടോര്‍ച്ചടിച്ചുനോക്കിയത്രേ. സുധിഷിന്റെ അമ്മ ഗിരിജ്ജേച്ചി ബോധം കെട്ടുവീഴുകയും പെങ്ങള്‍‌മാര്‍ എണ്ണിപെറുക്കികരയാന്‍ തുടങ്ങിയ ആ മിഡ് നൈറ്റില്‍, പലരും സുധീഷിനായിടക്കുണ്ടായ സ്വാഭാവമാറ്റത്തെകുറിച്ച് ചര്‍ച്ച ചെയ്യുകയും ഒരു നിഗമനത്തിലെത്താന്‍ ശ്രമിച്ചുകൊണ്ടുമിരുന്നു.

രാത്രി 10.30 നു ശേഷം കല്യാണചെക്കനെ കണ്ടവരാരുമില്ലെന്നും അതിനുമുമ്പെപ്പോഴോ റോഡില്‍ കിടന്നിരുന്ന ഓട്ടോറിക്ഷയില്‍ സുധീഷിനെ കണ്ടവരുണ്ടെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു.



വരന്തരപ്പിള്ളി അങ്ങാടിയില്‍ കൂടി തിരയാന്‍പോയവര്‍ കൂടി മടങ്ങി വന്നതോടെ കാര്യങ്ങള്‍ ഏറെകുറെ ക്ലിയറാകുകയും ചെക്കന്‍ നാട്ടില്‍ നിന്ന് സ്ക്കുട്ടായെന്ന് ഉറപ്പാക്കുകയും ചെയ്യ്‌തു. തറവാടിന്റെ മാനം നഷ്ടപ്പെട്ട വിജയേട്ടന്‍ എറയത്ത് കുനിഞ്ഞിരുന്ന് കരഞ്ഞു. ഉടനടി ഈ വിവരം പെണ്ണുവീട്ടുകാരെ അറിയിക്കേണ്ട ആവശ്യകതെയെകുറിച്ച് കാര്‍ന്നോര്‍മാരും നാട്ടു പ്രാമാണിമാരും ചര്‍ച്ച ചെയ്യുന്നു. കല്യാണത്തിന്റെയന്ന് പുലര്‍ച്ചെ ഈ വാര്‍ത്തയും കൊണ്ടുച്ചെന്നാല്‍ കിട്ടാന്‍ പോകുന്ന സമ്മാനത്തിന്റെ വലുപ്പമറിയുന്നതിനാല്‍ ദൂത് പോകാന്‍ ആരെയും കിട്ടാത്ത അവസ്ഥ. അവസാനം മനസ്സില്ലാ മനസ്സോടെ 70 വയസ്സായ രണ്ട് അമ്മാച്ചന്‍‌മാരെ ഓട്ടോയില്‍ യാത്രയാക്കി, നഷ്ട്ടപ്പെട്ട അഭിമാനമുറിവില്‍ വിജയേട്ടന്‍ അലറി.



“മരിച്ചുപോയ കാര്‍ന്നോര്‍മാരാണെ,വരാക്കര കാവിലമ്മയാണെ സത്യം”

“ എന്നിക്കിങ്ങനെയൊരു മോനില്ല”

“ ഇനിയെന്റെ മുന്നിലവനെ കണ്ടാല്‍, ഈ കരയിലവന്‍ കാലുകുത്തിയാല്‍

കൊത്തിയരിഞ്ഞ് പോര്‍ക്കിനിട്ടുകൊടുക്കും ആ പെലയാ....... മോനെ.....”



ഒരു പത്ത് സെക്കന്റ്. മാജിക്കിലെന്നപോലെ സുധീഷ് പന്തലില്‍ പ്രത്യക്ഷപ്പെട്ടു. പറമ്പിനറ്റത്തുള്ള വൈക്കോല്‍ പുരയിലിരിക്കുകയായിരുന്നു ഈ പൊന്നുംകുടം. എങ്ങനെയെങ്കിലും കല്യാണം മുടങ്ങിയാല്‍ താന്‍ രക്ഷപെടുമെന്നുള്ള അതിമോഹത്താല്‍ ഉണ്ടായ കുരുട്ടു ബുദ്ധി. അച്ചന്റെ ശപഥം കേട്ടതോടെ ചങ്കിലെ കിളി പറന്നുപോകുകയും ഇനി ശരണം അച്ചന്റെ കാലാണെന്ന തിരിച്ചറിവില്‍ ഓടിയെത്തിയതാണ്.



കാലുമടക്കി ഒറ്റതൊഴിയായിരുന്നു ആദ്യം, പിന്നെ ചെറിയൊരു വെടികെട്ടും ചില്ലറ സമ്മാനങ്ങളും.



ടേപ്പ് റിക്കോര്‍ഡര്‍ വീണ്ടും ഓണായി. കെട്ടുപോയ അടുപ്പില്‍ വീണ്ടും തീ കത്തിതുടങ്ങി, പെണ്ണ് വീട്ടുകാരെ വിവരമറിയിക്കാനായി മന്ദം മന്ദം പോയവരെ ആബല്ലൂരില്‍ വെച്ചുതന്നെ കണ്ടെത്തി തിരിച്ചു കൊണ്ടുവന്നു.



പിറ്റേന്നാള്‍ ആനന്ദപുരം അമ്പലത്തില്‍വച്ച് സുധീഷിന്റെയും ഗ്രീഷ്മയുടെയും വിവാഹം കെങ്കേമമായി നടന്നു.

ചെറുക്കന്റെ മുഖവും ശരീരവും മുന്നത്തേക്കാള്‍ തുടുത്തിരിക്കുന്നതായി പെണ്ണ് വീട്ടുകാര്‍ അടക്കം പറഞ്ഞത്രേ.



**************************************























Tuesday, September 22, 2009

പല്ലന്‍ അശോകന്‍

വരന്തരപ്പിള്ളിയിലെ വന്‍ പുലി മഞ്ഞളി ജോസേട്ടന്റെ “മേരിമാത” ലോറിയിലെ കിളിയായിരുന്നപ്പോള്‍ ആശോകന്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആരുമായിരുന്നില്ല. ആയിരത്തിന് 30 രൂപ ബാറ്റ കാശ് കിട്ടുന്ന വെറുമൊരു കിളി. ജോസേട്ടന്‍ ആയിടക്ക് ഭാരതപുഴ മണലോട്ടവും പൊറുത്തുശ്ശേരി കട്ട ഓട്ടവും നിറുത്തി ആലുവയിലുള്ള വളം കമ്പനിക്കുവേണ്ടി എല്ലുംകുഴിയോട്ടം പിടിച്ച് ബിസിനസ്സ് പൊലിപ്പിച്ച കാലം.
ആശാനും ഡ്രൈവറുമായ പൊറുഞ്ചുവേട്ടന്റെ വാത്സല്യത്തോടെയുള്ള, മിനുട്ടുക്ക് മിനുട്ടിനുള്ള തന്തക്കു വിളിയും, എല്ലുംകുഴി ട്രിപ്പിനുപോയി വന്ന് വണ്ടി കഴുകി കഞ്ഞി കുടിക്കാനിരുന്നാല്‍ ലോറിയില്‍ കണ്ട സുന്ദരന്‍ പുഴുക്കള്‍ കഞ്ഞിയില്‍ കിടന്ന് കളിക്കുന്നുവെന്ന് തോന്നുകയും ഇങ്ങനെ ഡെയ്‌ലി അത്താഴം മുടങ്ങുകയും ചെയ്യതപ്പോഴാണ് അശോകന്‍ “മേരിമാതയോട് ” റ്റാറ്റ പറഞ്ഞത്.

സമയം മോശമായിരുന്നില്ല. ഖത്തറിലേക്കുള്ള ഒരു ഡ്രൈവര്‍ വിസ കാത്തിരിക്കുകയായിരുന്നു അശോകനെ. പൊറിഞ്ചുവേട്ടന്റെ പൂ..... കൂ.... വിളികള്‍ കേട്ടുപതംവന്ന കാതുമായി അറബിതെറികള്‍ക്കും മല്ല് പണികള്‍ക്കും മുന്നില്‍ തളരാതെ കുറച്ചു വര്‍ഷങ്ങള്‍.

ആറുകൊല്ലത്തിനുശേഷം ഒരുപാടുമാറ്റങ്ങളും ഒത്തിരി കാശുമായി അശോകനെത്തിയപ്പോഴും വരന്തരപ്പിള്ളികാര്‍ക്ക് വലിയ മൈന്‍ഡൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നാട്ടില്‍ ലാന്‍ഡ് ചെയ്യത് ഒന്നൊന്നര മാസത്തിനുള്ളില്‍ ഒരു ടിപ്പറും JCB യും വാങ്ങുകയും മുപ്ലിയം നന്തിപുലം സൈഡില്‍ ഒരേക്കര്‍ സ്ഥലത്തിന് അച്ചാരം കൊടുത്തപ്പോഴാണ് ഇത് പഴയ കിളി അശോകനല്ലെന്ന് നാട്ടുകാര്‍ മനസ്സിലാക്കുന്നത്. കുശുമ്പിന് കുറവില്ലാത്ത വരന്തരപ്പിള്ളിക്കാര്‍ , ഇവനോടിച്ച വണ്ടി മറിച്ച് വിറ്റ് മുങ്ങിയാതാകാമെന്നും അല്ലെങ്കില്‍ ഏതെങ്കിലും അറബിയുടെ പോക്കറ്റടിച്ച് സ്ക്കുട്ടയതാവമെന്നുമുള്ള കഥകളുണ്ടാക്കി സമാധാനപ്പെട്ടു.

ചെമ്മണ്ണൂര്‍, മഞ്ഞളീസ്, കുന്നികുരുവില്‍ തുടങ്ങിയ പാരമ്പര്യ പണക്കാരെ മാത്രം ആദരിച്ചിട്ടുള്ള ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഈ പുത്തന്‍ പണക്കാരനെ അംഗീകരിക്കാന്‍ മടിയായിരുന്നു.

അന്നാളുകളിലായിരുന്നു വരാക്കര പൂരത്തിന് കൊടിയേറിയത്. ആ പ്രാവശ്യമെങ്കിലും കണ്ടമ്പുള്ളി ബാലനാരയാണനെ (എഷ്യയിലെ ഏറ്റവും ഉയരം കൂടിയ നാട്ടാന, വര്‍ഷങ്ങള്‍ക്കുമുബ് ചരിഞ്ഞു) വടക്കും‌മുറി പൂരസെറ്റില്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ യൂത്തന്‍മാര്‍ ആഗ്രഹിച്ചിരുന്ന സമയം. മണ്ണം‌പെട്ട, പൂക്കോട് ടീംമ്മൂകളോട് കഴിഞ്ഞ വര്‍ഷത്തെ കെറു തീര്‍ക്കാനൊരവസരം.

പക്ഷെ വടക്കും‌മുറി പൂരസെറ്റിന്റെ കമ്മിറ്റിക്കാരായ കിളവന്‍‌മാര്‍ ഭയങ്കര
അര്‍ക്കീസുകളായിരുന്നു. ഈ ആനക്ക് ഏക്കം കൂടുതലാണെന്നും ആ കാശിന് വേറെ രണ്ടാനകളെ എഴുന്നുള്ളിക്കാമെന്ന് പറഞ്ഞ് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് രക്ഷകനായി അശോകന്‍ അവതരിക്കുന്നത്. പണം പോയി പവ്വറ് വരട്ടെയെന്ന പോളിസിയില്‍ അങ്ങനെ കണ്ടമ്പുള്ളി ബാലനാരായണന്‍ അക്കുറി വടക്കും‌മുറി പൂരസെറ്റിലെത്തി. കിളി അശോകന്‍ ഞങ്ങള്‍ക്ക് ‘പല്ലന്‍ അശോകേട്ടനായി’ മാറുകയായിരുന്നു.


അങ്ങനെ ഗംഭീരമായ പൂരംനാളില്‍ രാത്രി എഴുന്നുള്ളിപ്പിനായ് അബലത്തിലേക്ക് നീങ്ങുകയായിരുന്നു വടക്കും‌മുറിക്കാരുടെ സെറ്റ്. മുന്നില്‍ പീലിക്കാവടി, പൂക്കാവടി, താളത്തിന് കോവ്വൈ ബ്രദ്ദേര്‍സ്സിന്റെ നാദസ്വരം, അതിനുപിന്നില്‍ ശിങ്കാരിമേളം. ഉയരത്തില്‍ കേമ്മനങ്കെലും സ്വഭാവം മഹാ വെടക്കായ കണ്ടമ്പുള്ളി കൂച്ചുവിലങ്ങിട്ട് മന്ദം‌മന്ദം ഏറ്റവും ഒടുവില്‍.

വന്‍‌തുക മുടക്കി ആനയെ കൊണ്ടുവന്ന ഗമയില്‍, ഒന്നൊന്നര ഹണി ബീ യുടെ ബലത്തില്‍ പൂരം മുന്നില്‍‌നിന്നു നയിക്കുകയായിരുന്ന അശോകേട്ടന് ആ സമയത്തൊരു ഉള്‍വിളി. കോവ്വൈ ബ്രദ്ദേര്‍സ്സിനെകൊണ്ട് “ഹരിമുരളിരവം” വായിപ്പിക്കണം.

“ അണ്ണാ കാവടിക്കിത് സ്യൂട്ടാവത്” യെന്നുപറഞ്ഞ തമ്മിഴനെ ഒറ്റചവിട്ടായിരുന്നു. “പന്ന പൂ.... മോന്നെ ഹരിമുരളിരവം വായിക്കാതെ ഒരടി അനങ്ങില്ല നീ....”

കാവടിയാട്ടം നിന്നു, ശിങ്കാരിമേളക്കാര്‍ കൊട്ടവസാനിപ്പിച്ചു. പൂരത്തിനിടക്ക് അലമ്പുണ്ടാകുന്നെന്നറിവില്‍ സ്ത്രീ ജനങ്ങള്‍ സ്ക്കൂട്ടായി. വീരശൂരഗജപോക്കിരി കണ്ടമ്പുള്ളി പോലും പട്ട നിലത്തിട്ട് ചെവി വട്ടം പിടിച്ചുനിന്നു. പൂരം അലമ്പായെങ്കിലും ആ രാത്രി പുലര്‍ന്നതോടെ വരന്തരപിള്ളിക്കാര്‍ പല്ലന്‍ അശോകേട്ടനെ ബഹുമാനിക്കാന്‍ പഠിച്ചുതുടങ്ങിയിരുന്നു.

പിന്നെയങ്ങോട്ട് വീരകഥകള്‍ മാത്രമായിരുന്നു. JCB യുടെ കിളി ചെക്കന്റെ മോറിന് ഗ്രീസ്സ് വെച്ച കൈകോണ്ടൊരു പൊത്ത്, തൃശ്ശുര്‍ പാലപ്പിള്ളി റൂട്ടിലെ ആശ ബസിന്റെ ഡ്രൈവര്‍ ഷിബുവിനെ പള്ളിക്കുന്നത്തിട്ട് പൂശീയത്, ഗോവേന്ത പള്ളിയിലെ അബ് പെരുന്നാളിന് ട്വിസ്റ്റ് അടിച്ച് പെണ്ണുങ്ങളെ ടച്ച് ചെയ്യ്‌ത പൂവാലന്‍‌മാരെ എടുത്തിട്ടടിച്ചത് തുടങ്ങിയ എണ്ണം പറഞ്ഞ വീരകഥകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ല . മരകമ്പനിയും കട്ടപാടവും വാങ്ങി തന്റെ അസറ്റ് വര്‍ദ്ധിപ്പിചുകൊണ്ടിരുന്ന അക്കാലത്ത് സില്‍ബന്ദികളും മൂടുതാങ്ങികളും പല്ലനെ പൊക്കി പൊക്കി SNDP യൂണിയന്‍ നേതാവാക്കുകയും നാട്ടിലെ ഒരു ഫിഗറാക്കുകയും ചെയ്യ്‌തു.

മേട്ടയും പ്രമാണിയുമായി അശോകേട്ടന്‍ വളരുകയായിരുന്നു.

അന്നാളുകളില്‍, വേലുപ്പാടം പുല്‍ക്കണ്ണിയെന്ന സ്ഥലത്തുനിന്ന് കല്ലൂര്‍ ഭാഗത്തേക്ക് പുതിയൊരു വഴിവെട്ടുകയായിരുന്നു അന്നാട്ടുകാര്‍. സ്ഥലമെടുപ്പുണ്ടാകുബോള്‍ തര്‍ക്കങ്ങളുണ്ടാകുന്നത് സ്വഭാവികം. അത്തരമൊരു തര്‍ക്കത്തിന് മദ്ധ്യസ്ഥം പറയാനെത്തിയതായിരുന്നു അശോകേട്ടന്‍. വന്ന പ്രമാണിയുടെ വമ്പത്തം അറിയാതെ കലിച്ചുവന്നൊരു ചെല്ലിചെക്കനെ പൊറിഞ്ചുവേട്ടന്‍ സ്റ്റൈലില്‍ തന്തക്കു വിളിച്ചത് ഓര്‍മ്മയുണ്ട് അശോകേട്ടന്. ചെകിളക്കുള്ള വീക്കും ചങ്കിനുള്ള ചവിട്ടും അത്രക്ക് ഈണത്തിലായിരുന്നു.

താന്‍ തല്ലിയത് പല്ലന്‍ അശോകനെയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ധൈര്യം ചോര്‍ന്ന, സൌദിയില്‍നിന്ന് ലീവിന് വന്ന മുജീബിനെ വീട്ടുകാര്‍ കോടാലി കൊടകര വഴി ചാലകുടിയിലേക്ക് കടത്തി അപ്പോള്‍ തന്നെ.

അല്‍‌പ്പസമയത്തിനകം അങ്ങാടിയില്‍ ഒട്ടോറിക്ഷകളും ബൈക്കുകളും പരക്കം പായുകയും മറ്റൊരു ജീപ്പില്‍ അശോകേട്ടനും ടീമ്മും ചാലകുടിക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മുജീബിന്റെ തല ഇന്ന് നിലത്തുരുളുമെന്ന വാര്‍ത്ത വന്നതിനുശേഷം ഞങ്ങളെ പോലുള്ള ചിന്ന പയ്യന്‍മാരുടെ ഫസ്റ്റ്-സെക്കന്‍ഡ് ഷോകള്‍ ക്യാന്‍സല്‍ ചെയ്യപ്പെടുകയും വീട്ടില്‍ നിന്നെറങ്ങിയാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്നുള്ള കാര്‍ന്നോര്‍‌മാരുടെ ഉത്തരവിറങ്ങുകയും ചെയ്യ്‌തു.

പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. പുതുക്കാട് ഹൈവെ റ്റവ്വര്‍ ബാറില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ച് ടീം അംഗങ്ങളോട് അശോകേട്ടന്‍ പറഞ്ഞത്രേ

“ നടന്നതു നടന്നു”

“ഇനി ചാലകുടിയിലെ കാക്കന്‍‌മാരുടെ ഇടികൂടി വാങ്ങിക്കേണ്ട”

“നമ്മളിപ്പോ സീജി തിയ്യറ്ററില്‍ “കിന്നാരതുമ്പികള്‍” കാണാന്‍ കയറും”

“ പക്ഷെ വരന്തരപ്പിള്ളിക്കാരറിയ്യേണ്ടത് നമ്മള്‍ ചാലകുടി മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ചെക്കനെ കിട്ടിയില്ലെന്നും കൈയ്യില്‍ കുടുങ്ങിയിരുന്നെങ്കില്‍ തുണ്ടം തുണ്ടമാക്കിയേനെന്നും”

രാത്രിയോടെ സിനിമകണ്ടു തിരിച്ചെത്തിയ സംഘത്തില്‍ ആത്മാഭിമാനമുള്ള രണ്ടു ചെറുഗുണ്ടകളുണ്ടായിരുന്നു. പല്ലന്റെ ടീം‌മില്‍ നിന്ന് റിസൈന്‍ ചെയ്യ്‌ത അവരാണ് ഈ കഥ വരന്തരപ്പിള്ളിക്കാരോട് പറഞ്ഞത്.


പല്ലന്‍ അശോകന്‍ ക്ഷീണത്തിലാണ്. അടുത്ത വരാക്കര പൂരത്തിന് കൊവ്വൈ ബ്രദ്ദേര്‍സ്സിനെ കൊണ്ടുവരണം. ഹരിമുരളിരവം പാടിക്കണം. പഴയ പേരു വീണ്ടെടുക്കണം. വരാക്കര ഭഗവതി സഹായിക്കട്ടെ...........................








Tuesday, August 25, 2009

ഇറ്റലിയില്‍ നിന്നൊരു കോള്‍

തൊണ്ണുറുകളുടെ അവസാനവര്‍ഷങ്ങളില്‍, അമ്മാവന്‍ ശരിയാക്കികൊണ്ടിരിക്കുന്ന വിസയില്‍ ഇറ്റലിക്കു പോകാനായി ത്രിശ്ശുരില്‍നിന്ന് സുമുഖനായൊരു ചെറുപ്പകാരനെത്തി ബോംബ്ബെയില്‍. രണ്ടു ദിവസം ബോംബ്ബെ ചുറ്റിയടിച്ചു കാണുബോഴേക്കും തനിക്കുള്ള വിസയും ടിക്കറ്റും കൈയ്യിലെത്തുമെന്നുള്ള മുന്‍‌ധാരണ തകര്‍ന്ന് അന്ധേരിയില്‍ രണ്ടുമാസത്തില്‍ധികം കഴിയുകയും, റൊട്ടി ദാല്‍ എന്ന് സ്വന്തം വയര്‍ ഇടക്കിടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യതപ്പോഴാണ് സുരേഷ്കുമാ‍റെന്ന സുന്ദരകുട്ടപ്പന്‍ ന്യുബോംബ്ബെയിലുള്ള ഞങ്ങളുടെ കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റില്‍ സ്റ്റോര്‍ കീപ്പറായി എത്തിചേരുന്നത്.



ജോയിന്‍ ചെയ്ത ദിവസത്തെ ഇന്‍‌ട്രറസ്റ്റ് ഒന്നും പിന്നിടാങ്ങോട്ട് ഉണ്ടായില്ല. ബികോമും പിജിഡിസി‌എയും കഴിഞ്ഞ താന്‍ വരേണ്ടത് സിമന്റും പെയിന്റും പാട്ടയും പൊടിയും നിറഞ്ഞ ഈ സ്റ്റോറിലല്ലെന്നും, അങ്ങ് ഇറ്റലിയില്‍ സുന്ദരികളായ മദാമ്മമാരുടെ കൂടെ A/C റൂമിലാണ് തന്റെ കരിയറെന്നും സുരേഷ്കുമാര്‍ പലവട്ടം തന്നോടും മുന്നില്‍വന്നുപെട്ടവരോടും പറഞ്ഞു നടന്നു. മേലനങ്ങുബോള്‍ വല്ലായമ്മ, സീറ്റില്‍ നിന്നെഴുന്നേല്‍ക്കാനൊരു വേണ്ടായമ്മ, സ്റ്റോര്‍ ബുക്ക് നോക്കുബോള്‍ തലവേദന, മിണ്ടിയാല്‍ ദേഷ്യം തുടങ്ങിയ പല അസുഖങ്ങളും ഇക്കാലങ്ങളില്‍ ഇദ്ദേഹത്തിനെ പീഢിപിച്ചുകൊണ്ടിരുന്നു. ജോലിയിലുള്ള ശ്രദ്ധ കാരണം, 10 പാട്ട പെയ്ന്റിന് റിക്വസ്റ്റ് ചെയ്താല്‍ 5 ബാഗ് സിമന്റെയക്കുകയും ചോദിച്ചാല്‍ ദേഷ്യപെടുകയും ചെയ്യുന്ന ഈ പോന്നുംകുടം ചുരുങ്ങിയ നാളുകൊണ്ട് എല്ലാവരുടെയും പ്രീതിയും സ്നേഹവും പിടിച്ചുപറ്റി.



ജോലിയിലുള്ള ശുഷ്കാന്തി മൂലം ഉച്ചക്ക് പതിനൊന്നുമണിയോടെ മയക്കത്തിലേക്കുവീണ്, നാട്ടില്‍ വിമല
കോളേജിനുമുന്‍പില്‍ വായ്നോക്കിനില്‍ക്കുന്ന സ്വപ്നവും കണ്ട് കസേരയില്‍ ചാരികിടന്ന ഒരു ദിവസമാണ് കട്ടുറുബായി ഞാനവിടെ ചെന്നതും അര്‍ജ്ജന്റായി ഇഷ്യു ചെയ്യണ്ട 50 ബാഗ് സിമന്റിനെ കുറിച്ചോര്‍മ്മിപ്പിചതും. സ്വപ്നം മുറിഞ്ഞതിന്റെയും വിമലയിലെ സുന്ദരിയുടെ മുഖം മാഞ്ഞതിന്റെയും കെറുവില്‍ “ സിമന്റും കോപ്പും” രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ട് എന്നൊരു ഡയലോഗടിച്ചു ഈ പൊന്നുമോന്‍.



ഇന്നലെ വന്ന ഈ ജൂനിയര്‍ പയ്യന്റെ അഹങ്കാരം സഹിക്കാന്‍ വയ്യാതെ സീനിയറായ ഞാന്‍ നടന്നകാര്യം എരിവും പുളിയും മസാലയും കേറ്റി വിത്തിന്‍ സെക്കന്‍ഡില്‍ ഞങ്ങളുടെ പ്രൊജ്ജക്റ്റ് മനേജറുടെ കാ‍തില്‍ പോസ്റ്റു ചെയ്യതു. വേറെതോ കേസ്സില്‍ കലിച്ചു നില്‍ക്കുകയായിരുന്ന ജോതിബസുവിന്റെ ഛായയുള്ള അതേ നാട്ടുകാരനായ റോയ്സാബ് സുരേഷ്കുമാറിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സൌമ്യമായി ബംഗ്ലാ-ഹിന്ദിയില്‍ ഇങ്ങനെ ഉപദേശിച്ചത്രേ.



‘ ടാ മമ.... മോനേ.... നത്തുമോറാ...’

‘ വേഷം കെട്ടുകാണിക്കാന്‍ ഇതു നിന്റെ അപ്പന്റെ വകയല്ല...’

‘ കൂടൂതലഭ്യാസം കാണിച്ചാല്‍ ചെകിളക്ക് വീക്കും ഞാന്‍’

‘ പണി വേണ്ടെങ്കില്‍ വിട്ടുപോടാ ചെക്കാ......’



പത്ത് മിനുട്ടിനുള്ളില്‍ 50 ബാഗ് സിമന്റ് സൈറ്റില്‍ എത്തിചേര്‍ന്നെങ്കിലും അന്നു തന്നെ സുരേഷ്കുമാറെന്നെ ശത്രുവായി പ്രഖ്യാപിക്കുകയും പങ്കുവെട്ടുകയും ചെയ്തു.



അന്നാളുകളില്‍, പ്രൊജ്ജക്റ്റ് മാനേജര്‍ നേരത്തെ പോകുന്ന ദിവസങ്ങളില്‍, ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു ഓഫീസ് മുറ്റത്ത്. ടീം‌മൊന്നുമുണ്ടാക്കാതെ വെറുമൊരു തട്ടികളി. സ്റ്റോറിലെ മുഷിപ്പില്‍നിന്നും ഇറ്റാലിയന്‍ സ്വപ്നങ്ങളില്‍ നിന്നും സുരേഷ്കുമാര്‍ മുകത്നാകുന്നത് ഈ സമയത്താണ്.
പ്രൊജ്ജക്റ്റ് മാനേജരുടെ കൈയ്യില്‍ നിന്നു തെറികേട്ടതിനുശേഷം ഈയുള്ളവനോട് സ്നേഹം വര്‍ദ്ധിച്ചിരുന്ന,ത്രിശ്ശൂര്‍ കുന്നത്തങ്ങാടി ചിയേര്‍സ് ക്ലബ്ബിന്റെ ക്യപ്റ്റനായിരുന്ന ഈ യുവരാജ് സിംഹ് എന്റെ ബോളുകളെ തെരഞ്ഞുപിടിച്ച് ബൌണ്ടറികള്‍ കടത്തുകയും ആദ്യ ബോളിന് തന്നെ കുറ്റി തെറുപ്പിച്ച് പവലിയനിലേക്ക് പറഞ്ഞയക്കുകയും ചെയ്യത് അര്‍മദിച്ചുപോന്നു. പോരാത്തതിന്,

‘ എന്‍‌ജിനിയറെ സ്റ്റോര്‍ കീപ്പര്‍ ബൌണ്ടറി കടത്തിയേ.................’
‘ എന്‍‌ജിനിയറുടെ കുറ്റി തെറുപ്പിച്ചെ ...............’

തുടങ്ങിയ മനോഹരങ്ങളായ ഡയലോഗുകള്‍ പറഞ്ഞെനെ ഇറിറ്റേറ്റ് ചെയ്യുന്നതും ശീലമാക്കിയിരുന്നു.

അങ്ങനെ ഇന്നലെ വന്ന ഈ ഞാഞ്ഞൂള്‍ ഞങ്ങളുടെ തലയില്‍ കേറി നിരങ്ങികൊണ്ടിരിക്കുകയും ഒരു പണി കൊടുക്കാന്‍ ഗ്യാപ്പ് നോക്കിനിന്ന കാലത്താണ്, ഒരു ശനിയാഴ്ച്ച ഉച്ചസമയത്ത് സുരേഷ്കുമാറിനെ തേടി ഇറ്റലിയില്‍ നിന്നാ കോള്‍ വരുന്നത്. സൈറ്റിലേക്ക് സ്റ്റീല്‍ കയറ്റി വരുന്ന വണ്ടിക്ക് വഴിപറയാന്‍ പോയതിനാല്‍ സുരേഷ്കുമാറിനുപകരം ഞാനാണ് ഫോണ്‍ അറ്റന്‍‌ഡ് ചെയ്യതത്.

സൂരേഷിന്റെ അമ്മാവനാണ് താന്നെന്നും പിറ്റെന്നാള്‍ ഇതേ സമയം വിളിക്കാ‍മെന്നും ഇതൊന്ന് അനന്തരവനെ അറിയിക്കണമെന്നറിയിച്ച് ഫോണ്‍ കട്ടായി. അടുത്ത പത്തുമിനുട്ടിനകം സുരേഷ്കുമാറിന് ഇറ്റാലിയന്‍ വിസ കിട്ടിയെന്ന വാര്‍ത്ത പരന്നു സൈറ്റിലാകെ. ട്രയലറിന് വഴി കാണിച്ചു വന്ന കഥാനായകന് ഈ വാര്‍ത്തകേട്ട് സന്തോഷതലചുറ്റലുണ്ടാകുകയും ബോധം വന്നതിനുശേഷം എന്താണ് ശരിയായ വിവരമെന്നന്വഷിച്ച് എന്റെയടുതെത്തുകയുമൂണ്ടായി.

പണികൊടുക്കാന്‍ കാത്തിരിക്കുകയായിരുന്നു ഞാന്‍

തന്റെ അമ്മാവന്‍ വിളിച്ചിരുന്നു, ബാക്കി വൈകിട്ടെ ക്രിക്കറ്റ് കളിക്കിടെ പറയാമെന്നുമാത്രമറിച്ച് സുരേഷിനിനെ ആശങ്കുലനാക്കി വൈകുന്നേരമാകാന്‍ കാത്തിരുന്നു ഞാന്‍.

അങ്ങനെ കാത്തിരുന്ന സമയമെത്തി, റോയ്സാബ് 5 മണിയോടെ ഓഫീസ് വിട്ടതും എല്ലാവരും ബോളും ബാറ്റുമെടുത്ത് കളിക്കാനിറങ്ങി. ആദ്യം ബാറ്റിങ് ചെയ്യത എനിക്ക് ബൌള്‍ ചെയ്യതുതന്നത് സുരേഷ്കുമാര്‍. ആദ്യബോളില്‍ ഇവന്‍ ഔട്ടാകുമെന്നും അടുത്ത ബാറ്റിങ്ങ് തന്നിക്കാണെന്നുപറഞ്ഞു നിന്ന മറാട്ടികാരന്‍ മിലിന്ദിനെയും നൊക്കിനിന്ന മറ്റുള്ളവരെയും അത്ഭുതപെടുത്തി ജീവിതത്തിലാദ്യത്തെ സിക്സ്സറടിച്ചു ഞാന്‍. മുത്തയ്യ മുരളിധരന്റെ പോലെ പന്തെറിയുന്ന ഇവനിന്തെതു പറ്റിയെന്നാലോചിച്ചുനിന്ന കൂട്ടുകാര്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും ഫോറും സികസറും പറത്തി ഞാനാഹ്ലാദിച്ചു.

തന്റെ അമ്മാവന്‍ നാ‍ളെ ഉച്ചക്ക് വിളിക്കും, കാത്തിരിക്കണമെന്ന് പറഞ്ഞുപോയ ആ രാത്രിയില്‍ വിസ റെഡിയായിട്ടുണ്ടാകുമെന്ന സന്തോഷത്താലോ അതോ ക്രിക്കറ്റിന്റെ ബാലപാഠമറിയാത്തവന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യത് സികസ്സറടിച്ച വിഷമം സഹിക്കാഞ്ഞോ, ദേശി ദാരു (ചാരായം) അടിച്ച് ഫിറ്റായ സുരേഷ്കുമാര്‍ പുലരും വരെ പുളിച്ച തെറി പറയുകയായിരുന്നത്രെ ഈയുള്ളവനെ........................